കർണാടകയില്‍ മുഖ്യമന്ത്രി പദവി വീതം വയ്ക്കാൻ ധാരണയുണ്ടെന്ന് സൂചന നല്‍കി ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒരു ഇംഗ്ലീഷ് ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖം വിവാദത്തില്‍.കോണ്‍ഗ്രസിനെ ഒന്നിച്ച് നിർത്തിയ ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയല്‍റ്റി, റോയല്‍റ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന. അധികാരം പങ്ക് വയ്ക്കാൻ ഒരു ധാരണയുണ്ടെന്നും അത് മാധ്യമങ്ങളോട് ചർച്ച ചെയ്യാനുദ്ദേശിക്കുന്നില്ല എന്നും ഡി കെ പറഞ്ഞിരുന്നു.
എന്നാല്‍ ഒരു തരത്തിലുള്ള അധികാരം പങ്കുവയ്ക്കല്‍ ഫോർമുലയെക്കുറിച്ചും തനിക്കറിയില്ലെന്നും എല്ലാ തീരുമാനവും ഹൈക്കമാൻഡിന്‍റേതാകുമെന്നുമാണ് ഡി കെയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഇതോടെ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറയുന്നതാണ് അവസാനവാക്കെന്നും പറഞ്ഞ് ഡി കെ ശിവകുമാർ വിവാദം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കർണാടക കോണ്‍ഗ്രസില്‍ അധികാരത്തർക്കം പതിയെ വീണ്ടും തല പൊക്കുന്നതിന്‍റെ സൂചനയായി ഈ പ്രസ്താവനകള്‍d മാറിക്കഴിഞ്ഞു.Pp
ഇന്ന് ഹാസനില്‍ സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി പിന്നാക്കസംഘടനകള്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന സന്നിവേശ എന്ന മെഗാറാലി, പാർട്ടി പരിപാടിയാക്കി മാറ്റി അതില്‍ ഡി കെ അടക്കം എല്ലാ മുതിർന്ന നേതാക്കളും പങ്കെടുക്കാനിരിക്കേയാണ് പുതിയ വിവാദം ഉടലെടുത്തത്.