ബെംഗളൂരു : കർണാടകത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ ബുധനാഴ്‌ച പോളിങ് ബൂത്തിലേക്ക്. നാടിളക്കിയുള്ള പ്രചാരണത്തിനുശേഷമാണ് വോട്ടർമാർ ജനവിധി രേഖപ്പെടുത്താനെത്തുന്നത്. ഭരണതലത്തിൽ മാറ്റമുണ്ടാക്കാൻപോന്ന തിരഞ്ഞെടുപ്പല്ലെങ്കിലും കോൺഗ്രസിനും ബി.ജെ.പി.ക്കും ജെ.ഡി.എസിനും നെഞ്ചിടിപ്പുയർത്തുന്നതുതന്നെയാണ് ഈ ജനവിധി. പ്രധാനനേതാക്കളുടെ ഭാവിയെപ്പറ്റി തിരഞ്ഞെടുപ്പുഫലം ചോദ്യങ്ങളുന്നയിക്കുമെന്നതാണ് കാരണം.
താരമണ്ഡലം ചന്നപട്ടണ:കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും അഞ്ചുതവണ എം.എൽ.എ.യും മുൻമന്ത്രിയുമായ സി.പി.യോഗേശ്വറും ഏറ്റുമുട്ടുന്ന ചന്നപട്ടണയാണ് താരമണ്ഡലം. കുമാരസ്വാമി സ്വന്തം മണ്ഡലം മകനിലൂടെ നിലനിർത്തുകയെന്നത് ജീവൻമരണ പോരാട്ടമായാണ് എടുത്തിരിക്കുന്നത്.92-ാം വയസ്സിൽ എച്ച്.ഡി. ദേവഗൗഡതന്നെ നേരിട്ട് വോട്ടുപിടിക്കാനിറങ്ങിയത് ഇതുകൊണ്ടാണ്. ബി.ജെ.പി.യിൽനിന്ന് മറുകണ്ടം ചാടിയെത്തിയ യോഗേശ്വറിനും ജയം നിലനിൽപ്പിന്റെ പ്രശ്നമാണ്.ചന്നപട്ടണ കോൺഗ്രസിലേക്ക് വീണ്ടെടുക്കുകയെന്നത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും അഭിമാനപ്രശ്മാണ്.
ഷിഗാവിൽ അഭിമാനപ്പോരാട്ടം: ഷിഗാവിൽ ബി.ജെ.പി.യുടെ അഭിമാനപ്പോരാട്ടമാണ്. മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മണ്ഡലം കൈവിട്ടുകൊടുക്കാനാവില്ല.മകൻ ഭരത് ബൊമ്മെയിലൂടെ പിൻഗാമിയെ നിയമസഭയിലെത്തിക്കാനാണ് ബസവരാജ് ബൊമ്മെയുടെ ലക്ഷ്യം. കഴിഞ്ഞവർഷം ബൊമ്മെയെ നേരിട്ട കോൺഗ്രസിലെ യാസിർ അഹമ്മദ് ഖാൻ ഇത്തവണ ഭരതിനും വെല്ലുവിളിയുയർത്തുന്നുണ്ട്.
വെല്ലുവിളിയായി സമ്പൂർ:ബല്ലാരി കോൺഗ്രസ് എം.പി. തുക്കാറാമിന്റെ മണ്ഡലമായ സന്ദൂർ നിലനിർത്താൻ തുക്കാറാമിന്റെ ഭാര്യ അന്നപൂർണയെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. ബി.ജെ.പി.യുടെ ബംഗാരു ഹനുമന്ത് അന്നപൂർണയ്ക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്.മുഡ അഴിമതിക്കേസും വാൽമീകി കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസും വഖഫ് ഭൂമിപ്രശ്‌നവും ആരോപണ പ്രത്യാരോപണമായുയർത്തിയായിരുന്നു മൂന്നുമണ്ഡലങ്ങളിലെയും പ്രചാരണം മുന്നേറിയത്. ആരോപണങ്ങളുടെ നേർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സർക്കാരിനും നേർക്കുള്ള ജനവിധിയായി തിരഞ്ഞെടുപ്പുഫലം വ്യാഖ്യാനിക്കപ്പെട്ടേക്കാം.
കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയവാഗ്‌ദാനങ്ങൾ ഇപ്പോഴും വോട്ടുണ്ടാക്കുമോയെന്ന കാര്യവും ഫലം വ്യക്തമാക്കും. വാഗ്‌ദാന പദ്ധതികൾ പുനഃപരിശോധിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ പ്രചാരണത്തിനിടെ നടന്നതാണ്. ബി.ജെ.പി.യിലാണെങ്കിൽ മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പയുടെയും സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെയും നേതൃത്വത്തെ പാർട്ടിക്കകത്ത് ചോദ്യംചെയ്യപ്പെടുന്നതിനെ ചെറുക്കാൻ ഉപതിരഞ്ഞെടുപ്പുവിജയം അനിവാര്യമാണ്. ചന്നപട്ടണയിൽ 31 പേരും ഷിഗാവിൽ എട്ടുപേരും സന്ദൂരിൽ ആറുപേരുമാണ് സ്ഥാനാർഥികൾ. മൂന്നിടത്തുമായി 770 പോളിങ് സ്റ്റേഷനുകളാണൊരുക്കിയിട്ടുള്ളത്. ഏഴുലക്ഷത്തിലധികം വോട്ടർമാരാണ് മൂന്നുമണ്ഡലങ്ങളിലായുള്ളത്.
കുട്ടിയുമായി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഡ്രൈവര്‍മാര്‍ രക്ഷിച്ചു
നാട്ടുകാരെ ഞെട്ടിപ്പിച്ചുകൊണ്ട് കൈകമ്ബ സ്വദേശിയായ സന്ദീപ് എന്നയാള്‍ മംഗളൂരുവിലെ ഗുരുപുര പാലത്തില്‍ കയറി തന്റെ 2 വയസ്സുള്ള കുട്ടിയോടൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ അതുവഴി കടന്നുപോകുന്ന വാഹനമോടിക്കുന്നവർ ഉടൻ തന്നെ ഇടപെട്ട് സന്ദീപിനെയും കുട്ടിയെയും സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു. കുട്ടിയുടെ ജീവൻ അപകടത്തിലാക്കാന്‍ ശ്രമിച്ചതിന് രോഷാകുലരാവുകയ ജനക്കൂട്ടം അയാള്‍ക്കുമേല്‍ കൈവയ്ക്കുയും ചെയ്തു.
ബജ്‌പെ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, സന്ദീപിന്റെ കടുത്ത തീരുമാനത്തിന് കുടുംബ കലഹവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.ഭാഗ്യവശാല്‍, സന്ദീപിനും കുട്ടിക്കും പരിക്കില്ല. അസ്വാസ്ഥ്യകരമായ സംഭവം നിരവധി കാഴ്ചക്കാരെ അസ്വസ്ഥരാക്കി. ഈ പ്രവൃത്തിയിലേക്ക് നയിച്ചേക്കാവുന്ന കുടുംബ തർക്കത്തിന്റെ വിശദാംശങ്ങള്‍ അധികാരികള്‍ പരിശോധിക്കുന്നു.