ബെംഗളൂരു: പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ കർണാടക. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള ‘കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ 2024’ കർണാടക നിയമസഭ പാസാക്കി. ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും കാറുകൾക്ക് 1000 രൂപയും സെസ് ഈടാക്കാൻ ശുപാർശ ചെയ്യുന്നതാണ് ബിൽ. പ്രതിപക്ഷകക്ഷിയായ ബിജെപിയുടെ എതിർപ്പിനിടെയാണ് കർണാടക നിയമസഭ ബിൽ പാസാക്കിയത്.
കർണാടക മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട് 1957ലെ ‘സെക്ഷൻ 3 (എ)’യിൽ 1 (ബി) എന്ന സബ് സെക്ഷൻ അവതരിപ്പിക്കുന്നതാണ് പ്രസ്തുത ബിൽ. ഇതുപ്രകാരമാണ് വാഹന രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ഈടാക്കുക. ബിൽ നിയമസഭാ കൗൺസിലിൽ കൂടി സർക്കാരിന് പാസാക്കിയെടുക്കേണ്ടതുണ്ട്. കർണാടക മോട്ടോർ വാഹന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കും ബസ്, ക്യാബ്, ഓട്ടോറിക്ഷ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ, ക്ഷേമ ഫണ്ടുകൾക്കുമായാണ് അധിക സെസ് പിരിക്കുന്നതെന്നാണ് സർക്കാരിൻ്റെ വിശദീകരണം.
രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ വാഹന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ മോട്ടോർ വാഹന വകുപ്പ് സെക്ഷൻ മൂന്ന് പ്രകാരം, 11 ശതമാനം സെസ് ഈടാക്കുന്നുണ്ട്. ഇതിൽ 10 ശതമാനം സെസ് കർണാടകത്തിൻ്റെ അടിസ്ഥാന വികസന പദ്ധതികൾക്കും ബാംഗ്ലൂർ മാസ് റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡിൽ ഇക്വിറ്റി നിക്ഷേപത്തിനും മുഖ്യമന്ത്രി ഗ്രാമീണ രാസ്തെ അഭിവൃദ്ധി നിധിക്കും ഒരു ശതമാനം അർബൻ ട്രാൻസ്പോർട്ട് ഫണ്ടിനുമാണ് വിനിയോഗിക്കുന്നത്.
അതേസമയം ബില്ലിനെതിരെ ബിജെപി രംഗത്തെത്തി. പൗരന്മാർ ഇതിനകം ബുദ്ധിമുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. സർക്കാർ നേരത്തെ ഇന്ധനത്തിൻ്റെ നികുതി വർധിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ വാഹനങ്ങൾക്ക് അധിക സെസ് ഈടാക്കുന്നത്? ഇനി പൗരന്മാരെ ഭാരപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പട്ടു.