മഞ്ചേശ്വരം: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തികളില്‍ കര്‍ണാടക സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.
തിങ്കളാഴ്ച രാവിലെ മുതലാണ് കര്‍ണാടകയുടെ നിയന്ത്രണം ആരംഭിക്കുക. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിര്‍ത്തിയില്‍ ഞായറാഴ്ച രാവിലെ മുതല്‍ ബാരക്കുകളും മറ്റും പുന:സ്ഥാപിച്ചു കഴിഞ്ഞു.നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ രണ്ട് മാസം മുമ്ബാണ് പിന്‍വലിച്ചിരുന്നത്. ഇവിടെനിന്നും പിന്‍വലിച്ചിരുന്ന പൊലീസ് പോസ്റ്റും ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ തിങ്കളാഴ്ച തലപ്പാടി അതിര്‍ത്തിയില്‍ നിയമിച്ച് ഉത്തരവും ഇറക്കി.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തിങ്കളാഴ്ച രാവിലെ മുതല്‍ കടത്തി വിടുകയുള്ളൂ. രണ്ട് ഡോസ് വാക്സിന് എടുത്തവരെ പരിഗണിക്കില്ല. ദൈനം ദിന ആവശ്യത്തിന് പോകുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പോലും പ്രത്യേക പരിഗണന ഉണ്ടാവില്ല. എന്നാല്‍, രോഗികളെ കടത്തി വിടും.ഒരാഴ്ച മുമ്ബ് തുടങ്ങിയ കെ.എസ്.ആര്.ടി.സി അന്തര്‍സംസ്ഥന സര്‍വീസ് തുടരാനാണ് തീരുമാനം. പക്ഷെ, യാത്രക്കാര്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും യാത്ര തുടരാന്‍ അനുവദിക്കുക.
ഞായറാഴ്ച രാവിലെ ഒരു മണിക്കൂര്‍ അതിര്‍ത്തിയില്‍ യാത്രക്കാരെ തടഞ്ഞിരുന്നു. മുന്നറിയിപ്പ് നല്കാതെയുള്ള നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നിയന്ത്രണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനമായത്.