കണ്ണൂര്‍: തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതിന് പിന്നാലെ തെയ്യം കെട്ടിയ ആളെ പൊതിരെ തല്ലി നാട്ടുകാര്‍. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുമ്പോള്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടര്‍ന്ന് തെയ്യം ഭയപ്പെടുത്തുന്ന ഒരു ആചാരമുണ്ട്.ഇത് കണ്ട് പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. ഈ സംഭവം നാട്ടുകാരില്‍ ചിലരെ പ്രകോപിപ്പിക്കുകയും ഇവര്‍ തെയ്യം കെട്ടിയ ആളെ കൂട്ടമായെത്തി തല്ലുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തത് കൊണ്ട് കേസ് എടുത്തിട്ടില്ല.
22 വര്‍ഷത്തിന് ശേഷം കാണാതായ മകന്‍ തിരികെ എത്തി: മടങ്ങി വന്നത് സന്ന്യാസിയുടെ വേഷത്തില്‍
കാണാതായ മകന്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സന്യാസിയുടെ വേഷത്തില്‍ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം ഉണ്ടായത്.അമ്മയില്‍ നിന്നും ഭിക്ഷ സ്വീകരിച്ച ശേഷം മകന്‍ മടങ്ങുകയും ചെയ്തു.
11 ാം വയസിലാണ് രതിപാല്‍ സിംഗിനും ഭാനുമതിയ്ക്കും തങ്ങളുടെ മകന്‍ റിങ്കുവിനെ നഷ്ടപ്പെട്ടത്. ഗോലി കളിക്കുന്നത് പിതാവ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് റിങ്കു വീട് വിട്ടു പോകുകയായിരുന്നു. അമ്മ ഭാനുമതി കൂടി ശകാരിച്ചതോടെ റിങ്കുവിന് വിഷമം കൂടിയത്. ഇതോടെ റിങ്കു ആരോടും പറയാതെ വീട് വിട്ടിറങ്ങി. ഇതിനിടെ രതിപാല്‍ സിംഗും ഭാനുമതിയും ഡല്‍ഹിയിലേക്ക് താമസം മാറി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം റിങ്കു നാട്ടില്‍ തിരിച്ചെത്തി. സന്ന്യാസിയായിട്ടായിരുന്നു റിങ്കുവിന്റെ മടങ്ങി വരവ്.
റിങ്കുവിനെ തിരിച്ചറിഞ്ഞ ഗ്രാമവാസികള്‍ ഉടനെ രതിപാല്‍ സിംഗിനെയും ഭാനുമതിയെയും വിവരം അറിയിക്കുകയായിരുന്നു. മകന്റെ ശരീരത്തിലെ മറുകിന്റെ പാട് സന്യാസിയുടെ ശരീരത്തിലും കണ്ടതോടെ ഇരുവരും റിങ്കുവിനെ തിരിച്ചറിഞ്ഞു. താന്‍ വന്നത് അമ്മയില്‍ നിന്നും ഭിക്ഷ സ്വീകരിക്കാനാണെന്നും സന്യാസ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് അമ്മയില്‍ നിന്നും ഭിക്ഷ സ്വീകരിക്കലെന്നും റിങ്കു വ്യക്തമാക്കി. ഭിക്ഷ ലഭിച്ചുകഴിഞ്ഞാല്‍ താന്‍ തിരികെ പോകുമെന്നും റിങ്കു മാതാപിതാക്കളെ അറിയിച്ചു.