സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയില്‍. മുഹ്സിൻ മുസ്തഫ (25) എന്ന യുവാവ് അറസ്റ്റിലായത്.വാഹനപരിശോധനക്കിടെയാണ് പിടിവീണത്. പരിശോധനയില്‍ യുവാവിന്റെ ബാഗില്‍ നിന്ന് 82.104 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മുത്തങ്ങക്ക് അടുത്ത പൊൻകുഴിയില്‍ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.കണ്ണൂർ മാട്ടൂല്‍ സെൻട്രല്‍ കപ്പാലം സ്വദേശിയായ ഇയാള്‍ ഹൈദരാബാദില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹ്സിൻ മുസ്തഫ. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് അതിർത്തികളിലെ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മീനങ്ങാടിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയിരുന്നു.വരും ദിവസങ്ങളിലും അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും കശനപരിശോധനകള് തുടരുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി അറിയിച്ചു. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എം.കെ. സുനില്‍, ഇൻ്റലിജൻസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ, മറ്റ് അസി. എക്സൈസ് ഇൻസ്പെക്ടർമാർ, പ്രിവൻ്റീവ് ഓഫീസർമാർ, സിവില്‍ എക്സൈസ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് വില്പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിലായിരുന്നു. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്മാനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.