കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മിംസ് ആശുപത്രിക്കു സമീപം അപകടമുണ്ടായത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരം ഭാഗത്തു നിന്ന് വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാന്‍ വെള്ളം ചീറ്റി വാതകം പരക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്നു എട്ടു കിലോമീറ്റര്‍ അകലെയാണ് സംഭവം. സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനനും സ്ഥലത്തെത്തി. ഭീതിതമായ അവസ്ഥയാണുള്ളതെന്നും മുന്‍ ദുരന്തത്തിനു സമാനമായേക്കുമോയെന്നു ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in) ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാനും നിങ്ങളുടെ ബിസിനസിന്റെ പരസ്യം നൽകുന്നതിനു വേണ്ടിയും 9895990220, 7676750627 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം
ചാലയില്‍ 2012 ആഗസ്ത് 27നു രാത്രി 11 ഓടെ മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി റോഡരികിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തമുണ്ടായിരുന്നു. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് 10 വര്‍ഷമായിട്ടും ബൈപാസില്‍ ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.