ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ വിഷാദ രോഗമാണ് സ്വന്തം ജീവനെടുക്കുന്നതിലേക്ക് ആശയെ നയിച്ചതെന്ന് പോലീസ് അറിയിച്ചു.നോവലിസ്റ്റായ ആശാ രഘു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരജേതാവാണ്. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ആശാ രഘുവിന് ഒരു മകളുണ്ട്. രണ്ട് വർഷം മുൻപ് ആശാ രഘുവിന്റെ ഭർത്താവ് കെസി രഘു അന്തരിച്ചിരുന്നു.ഭർത്താവിന്റെ മരണശേഷം ആശ മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആവർത്ത, ഗത, മായ, ചിത്തരംഗ, കെംപു ദാസവാള, വക്ഷസ്ഥല തുടങ്ങിയവ ആശയുടെ നോവലുകളാണ്. ആരനേ ബെരളു, ബൊഗസയല്ലി കഥെകളു, അപരൂപത പുരാണ കഥകളു തുടങ്ങിയ കഥാസമാഹാരങ്ങളും കുട്ടികളുടെ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.