കന്നഡ ഭാഷയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി ബി. ടി. ജയറാം സമ്ബാദനം നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബൃഹത് കന്നഡ- മലയാളം നിഘണ്ടു കാസർകോട് പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറൻസ് ഹാളില്‍ കർണാടക തുളു അക്കാദമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് പ്രകാശനം ചെയ്തു.മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ എംഎല്‍എ പുസ്തകം ഏറ്റുവാങ്ങി.എൻ. എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. ആമുഖഭാഷണം നടത്തി.
എഴുത്തുകാരിയും വിവർത്തകയുമായ ഡോ. മീനാക്ഷി രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാരജേതാവും വിവർത്തകനുമായ കെ. വി. കുമാരൻ, ഗ്രന്ഥകാരന്‍ കാസറഗോഡ് ജില്ലാ മുന്‍ ഇൻഫർമേഷൻ ഓഫീസറായ ബി. ടി. ജയറാം എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി സ്വാഗതവും പി.ആര്‍.ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു.
1800 രൂപ വിലയുള്ള നിഘണ്ടു കാസറഗോഡുകാര്‍ക്ക് ഗ്രന്ഥകാരനോട് നേരിട്ടും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ നിന്നും വാങ്ങാം. ഓണ്‍ലൈനായും വാങ്ങാം. ആറു വർഷത്തെ പ്രയത്നത്തിന്റെ ഫലമായി തയാറാക്കിയ ഈ നിഘണ്ടുവില്‍ കന്നഡ പദത്തിന്റെ ഉച്ചാരണം മലയാളം ലിപിയില്‍ എഴുതിയിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാർത്ഥങ്ങള്‍ മലയാളികള്‍ക്ക് മനസ്സിലാകുംവിധത്തിലും പ്രത്യേകിച്ച് കാസർഗോഡുകാർക്ക് വേണ്ടി നാടൻ ശൈലിയിലും മൊഴിമാറ്റി ചേർത്തിട്ടുണ്ട്