സഹപ്രവർത്തകയായ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പ്രശസ്ത കന്നഡ സീരിയല്‍ നടൻ ചരിത് ബാലപ്പ അറസ്റ്റില്‍.വെള്ളിയാഴ്ച രാജരാജേശ്വരി നഗർ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയില്‍ ചരിതിനെ അറസ്റ്റ് ചെയ്തത്.2023-2024-കാലത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് ഡി.സി.പി (വെസ്റ്റ്) എസ്. ഗിരീഷ് പറഞ്ഞു. ഈ മാസം 13-നാണ് യുവനടി പരാതി നല്‍കിയത്. 2017 മുതല്‍ കന്നഡ, തെലുങ്ക് ഭാഷാ പരമ്ബരകളില്‍ നടി അഭിനയിച്ചുവരുന്നുണ്ട്. 2023-ലാണ് ഇവർ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പരാതിക്കാരിയായ നടിയോട് പ്രണയബന്ധത്തിലേർപ്പെടാൻ ചരിത് നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന് മനസ്സിലാക്കി പ്രതി പരാതിക്കാരിയോട് ശാരീരിക അടുപ്പം ആവശ്യപ്പെട്ടതെന്ന് ഡി.സി.പി പറഞ്ഞു.’പ്രതിയും കൂട്ടാളികളും ചേർന്ന് പരാതിക്കാരിയായ നടിയുടെ വസതിക്ക് സമീപം നിരന്തരം ശല്യമുണ്ടാക്കുകയും താനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനും നടൻ സമ്മർദ്ദം ചെലുത്തിയിരുന്നു. തൻ്റെ സാമ്ബത്തിക ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്മാരും നടിമാരും ഉള്‍പ്പെടുന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലും പരാതിക്കാരിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.ഈ ആരോപണങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഭീഷണിയുടെയും അടിസ്ഥാനത്തിലാണ് പരാതിക്കാരൻ പ്രതികള്‍ക്കെതിരെ കേസെടുത്തത്’ ഡി.സി.പി ഗിരീഷ് കൂട്ടിച്ചേർത്തു.
തൻ്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതായി നടി പോലീസിനോട് പറഞ്ഞു. രാഷ്ട്രീയക്കാരുമായും റൗഡികളുമായുമടക്കം ശക്തരായ വ്യക്തികളുമായുള്ള ബന്ധം നടൻ ഉപയോഗിക്കുകയും എപ്പോള്‍ വേണമെങ്കിലും തന്നെ ജയിലില്‍ അടയ്ക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ പരാതിയില്‍ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി പറഞ്ഞതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.