ന്യൂഡല്‍ഹി: തന്നെ കാണാനായി എത്തുന്ന പരാതിക്കാര്‍ ആധാര്‍ കാര്‍ഡുകള്‍ കൊണ്ടുവരണമെന്നു നടിയും എംപിയുമായ കങ്കണ റണാവത്ത്. പരാതി എന്താണെന്ന് വിശദമായി പേപ്പറില്‍ എഴുതി നല്‍കണം. വിനോദ സഞ്ചാരികള്‍ ഏറെയുള്ള ഹിമാചലില്‍ കാണാനെത്തുന്നവര്‍ മാണ്ഡി സ്വദേശികളാണോ എന്നു തിരിച്ചറിയാനാണ് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണ് കങ്കണ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രതിസന്ധികള്‍ ഒഴിവാകുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ബിജെപി സ്ഥാനാര്‍ഥിയായാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ കങ്കണ വിജയിച്ചത്. ജനങ്ങളേയും അവരുടെ പ്രശ്‌നങ്ങളേയും തിരിച്ചറിഞ്ഞ് അങ്ങോട്ട് എത്തുകയാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ടതെന്നും കങ്കണയുടെ പ്രവൃത്തികള്‍ അതിനു ചേരുന്നതല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതു നാട്ടുകാരായ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാണ്. എംപിയുടെ അടുത്തെത്തുന്നതു മാണ്ഡ്യ സ്വദേശികളാണോ എന്ന് ഉറപ്പു വരുത്താനാണ് ആധാര്‍ കാര്‍ഡ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട നിങ്ങളുടെ പ്രശ്‌നങ്ങളുമായി മാത്രം കാണാന്‍ വരണം. അതൊരു പേപ്പറില്‍ എഴുതി നല്‍കണം. തടസങ്ങള്‍ ഒഴിവാക്കാന്‍ അതു സഹായിക്കുമെന്നും കങ്കണ പറഞ്ഞു.