2022 ല്‍ പുറത്തിറങ്ങിയ ഋഷഭ് ഷെട്ടി നായകനായ കാന്താരാ എന്ന ചിത്രം തിയേറ്ററിലും പിന്നീട് ഒടിടിയിലും ഇന്ത്യയൊട്ടാകെ വലിയ ജനപ്രീതി നേടിയിരുന്നു. നാടും സംസ്കാരവും പ്രമേയമാകുന്ന ചിത്രത്തിലെ കമ്ബള ആഘോഷ രംഗങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ നിന്ന് അത്ര വേഗം മാഞ്ഞു പോകാൻ സാധ്യതയില്ല. അതിന്റെ ചുവട് പിടിച്ച് ബംഗളൂരുവിലെ ആദ്യത്തെ കമ്ബള ആഘോഷത്തിന് ശനിയാഴ്ച തുടക്കമായി. പ്രധാനമായും കര്‍ണാടകയുടെ തീരദേശ മേഖലയിലെ ആഘോഷമായിരുന്നു കമ്ബള.
എന്നാല്‍ ആദ്യമായാണ് ഇത്തവണ കമ്ബള ബംഗളൂരുവിലും ആഘോഷിച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായിരുന്നു. 175 ജോഡി കാളകളാണ് ബംഗളൂരുവിലെ കമ്ബളയില്‍ പങ്കെടുക്കാൻ എത്തിയത്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് ആളുകള്‍ കാളകളുമായി എത്തിയത്.
മത്സരത്തിനായുള്ള ട്രാക്കിന് സാധാരണ ഗതിയില്‍ 145 മീ നീളമാണ് ഉണ്ടാവുക, എന്നാല്‍ ബംഗളൂരുവില്‍ നടന്ന കമ്ബളയുടെ ട്രാക്കിന്റെ നീളം 155 മീ ആയിരുന്നുവെന്നത് പ്രധാന പ്രത്യേകതകളില്‍ ഒന്നായിരുന്നു. കര്‍ണാടകയിലെ ജില്ലകളുടെ തീരദേശ മേഖലയില്‍ തുളു ഭാഷ സംസാരിക്കുന്ന ജന വിഭാഗങ്ങളാണ് പ്രധാനമായും കമ്ബള ആഘോഷിക്കുന്നത്. ബണ്ട് എന്ന ഈ തീരദേശ നിവാസികള്‍ കമ്ബള മത്സരങ്ങള്‍ക്കായി കാളകളെ വളര്‍ത്തുന്നവരാണ്. 350 ഓളം വര്‍ഷങ്ങളുടെ പാരമ്ബര്യം കമ്ബള ആഘോഷത്തിന് പിന്നിലുള്ളതായി പറയപ്പെടുന്നു.
എല്ലാ വര്‍ഷവും നവംബര്‍ മാസത്തിന്റെ അവസാനം മുതല്‍ ഏപ്രില്‍ പകുതി വരെയാണ് കമ്ബള സമിതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചു മത്സരം സംഘടിപ്പിക്കുന്നത്. കാന്താരാ സിനിമയ്ക്ക് ലഭിച്ച ജനപ്രീതി കമ്ബള ആഘോഷത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചുവെന്ന് കമ്ബള സമിതി ചെയര്‍മാൻ പ്രകാശ് ഷെട്ടി പറഞ്ഞു. കൂടാതെ മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരതകള്‍ കുറയ്ക്കാനും അവര്‍ക്ക് ആവശ്യമായ ആഹാരവും വെള്ളവും ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.