ന്യൂഡല്‍ഹി: കെ സുധാകരന്‍ ഇനി കെപിസിസിയുടെ അമരക്കാന്‍. ഒരു മാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.
എ- ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയര്‍ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരന്‍ എത്തുന്നത്. കെ.കരുണാകരന്‍ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ.കെ.ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായതോടെയാണ് കെ.സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളില്‍ ആര്‍എസ്‌എസും സിപിഎമ്മും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയന്‍ ശൈലി തള്ളി കോണ്‍ഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരന്‍ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നു സുധാകരനുണ്ടായിരുന്നു.
പ്രവര്‍ത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരന്‍. കണ്ണൂരിലും കാസര്‍കോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം കണ്ണൂരില്‍ പറയത്തക്ക സ്വാധീനമോ പ്രവര്‍ത്തനമോ സുധാകരന്‍ നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ കൊണ്ടു വരുന്നതില്‍ മറ്റൊരു പ്രധാന തടസമായി നിന്നത് അദ്ദേഹത്തിന്റെ പ്രായമാണ്. 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നു എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നു. എന്നാല്‍ തലമുറ മാറ്റത്തിനപ്പുറം സംഘടനാ സംവിധാനത്തിലെ സമൂല മാറ്റം കൊണ്ടു വരാനും താഴെത്തട്ടില്‍ പാര്‍ട്ടിയെ സജീവമാക്കാനും
മാറ്റത്തിന് തുടക്കം, മുന്നില്‍ വലിയ വെല്ലുവിളികള്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടായ പരാജയമാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചത്. താഴെത്തട്ടില്‍ സംഘടന നിര്‍ജീവമാണെന്ന അതിരൂക്ഷവിമര്‍ശനം ശക്തമായിരിക്കുമ്ബോള്‍ ആണ് പാര്‍ട്ടി തലപ്പത്തേക്ക് കെ.സുധാകരന്‍ എത്തുന്നത്.
2005-ല്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു പോയ സമയത്ത് സംഘടനയിലുണ്ടായ വിള്ളല്‍ ഇതുവരേയും നികത്താന്‍ ഒരു കെപിസിസി അധ്യക്ഷനും സാധിച്ചിട്ടില്ല. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള യാതൊരു നടപടിയും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഉണ്ടായിട്ടില്ല. ബൂത്ത് തലം മുതലുള്ള സമ്ബൂര്‍ണ അഴിച്ചു പണിയും സംഘടനാ തെരഞ്ഞെടുപ്പുമെല്ലാം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശങ്ങളായി ഉയരാറുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകളുടെ കോംപ്രമൈസിന്റെ അടിസ്ഥാനത്തിലാണ് സംഘടനയില്‍ അഴിച്ചു പണി നടന്നത്.
രമേശ് ചെന്നിത്തലയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്മാരായി എത്തിയ വി എം.സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും പാര്‍ട്ടിയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാനാവാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പില്ലാതാക്കാന്‍ വന്ന കെപിസിസി അധ്യക്ഷന്മാര്‍ ഒടുക്കം സ്വന്തം ഗ്രൂപ്പൂണ്ടാക്കുന്ന കാഴ്ചയും ഇക്കാലയളവില്‍ അണികള്‍ കണ്ടു.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എല്‍ഡിഎഫും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്ന കേരള രാഷ്ട്രീയം ഇപ്പോള്‍ ഏറെ മാറിക്കഴിഞ്ഞു. 45 വര്‍ഷത്തിന് ശേഷമുണ്ടായ അധികാര തുടര്‍ച്ച കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. 1970-80 കാലഘട്ടങ്ങളില്‍ യുവാക്കളായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് എത്തുകയും പിന്നീട് നീണ്ട പതിറ്റാണ്ടുകള്‍ അതിന്റെ തലപ്പത്തുണ്ടായിരുന്ന നേതാക്കളാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ മുഖ്യധാരയിലുള്ളത്.
കെപിസിസി തലപ്പത്ത് നിന്നും തുടങ്ങി മണ്ഡലം കമ്മിറ്റികളിലും ബൂത്തുകളിലും വരെ ഈ വിഭാഗം നേതാക്കളുണ്ട്. ഒരോ പുനഃസംഘടന വരുമ്ബോഴും ഇവരെ ഇവരില്‍ പകുതി പേരേയും വിവിധ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുകയും ഇതോടെ 140 മണ്ഡലങ്ങളുള്ള കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ വലിയ ജംബോ കമ്മിറ്റികള്‍ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ആളു കൂടിയാല്‍ പാമ്ബ് ചാവില്ലെന്ന മട്ടില്‍ പാര്‍ട്ടിയെ നിര്‍ജീവമാക്കിയതില്‍ വലിയ പങ്കാണ് ഈ ജംബോ കമ്മിറ്റികള്‍ക്കുള്ളത്. അധികാരവും പദവിയുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവില്ല എന്ന ഈ വിഭാഗം നേതാക്കളുടെ മനോഗതിയെ ഏങ്ങനെ സുധാകരന് കൈകാര്യം ചെയ്യാനാവും എന്നതാണ് പ്രധാന ചോദ്യം.
സമീപകാലത്ത് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 2021-ലേത്. എന്നാല്‍ സ്ഥാനാത്ഥി പട്ടികയുടെ മെറിറ്റ് എവിടെയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയ മൊട്ടയടി പ്രതിഷേധം കാരണമായി മാറി. നേരത്തെ പറഞ്ഞ പോലെ ഒരേ മുഖങ്ങള്‍ അധികാരത്തില്‍ തുടരുമ്ബോള്‍ തന്നെ നിരന്തരം അവഗണന നേരിട്ട ഒരു വിഭാഗം നേതാക്കളും കോണ്‍ഗ്രസിലുണ്ട്. ഇവരേയും കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കെ.സുധാകരന് കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.
പിണറായി വിജയന്‍ എന്ന ഒറ്റനേതാവിന് കീഴില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് സിപിഎമ്മും എല്‍ഡിഎഫും ഈ സര്‍ക്കാരും മുന്നോട്ട് പോകുന്നത്. യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ സിപിഎമ്മിനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുള്ള നയം നടപ്പിലാക്കുക വഴി പാര്‍ട്ടിയിലും സര്‍ക്കാരിലും തലമുറമാറ്റവും അവര്‍ നടത്തി. ഇങ്ങനെ ഭാവി മുന്നില്‍ കണ്ട് സിപിഎം നീങ്ങുമ്ബോള്‍ യുവാക്കള്‍ക്ക് ഇടമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസില്‍. ഈ ആക്ഷേപത്തിന് മറുപടി നല്‍കാന്‍ സുധാകരനാവും എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ കെപിസിസി അധ്യക്ഷന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി എ, ഐ ഗ്രൂപ്പുകളെ തനിക്കൊപ്പം ഒരുമിച്ചു നിര്‍ത്തുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വലിയ വിമര്‍ശനം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും ഇപ്പോള്‍ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്ബോഴും ഹൈക്കമാന്‍ഡ് ഗ്രൂപ്പുകളുടെ താത്പര്യം പരിഗണിച്ചിട്ടില്ല. പാര്‍ട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥയില്‍ ഇപ്പോള്‍ കെ.സുധാകരനെതിരെ ഒരു തുറന്ന യുദ്ധത്തിന് എ-ഐ ഗ്രൂപ്പുകള്‍ ധൈര്യപ്പെട്ടേക്കില്ല. എന്നാല്‍ തങ്ങളുടെ സ്വാധീനം ഇല്ലാതാവുന്ന നീക്കങ്ങള്‍ക്കെതിരെ സമീപ ഭാവിയില്‍തന്നെ ഗ്രൂപ്പുകള്‍ രംഗത്തു വന്നേക്കും. അപമാനിതനായി പുറത്താക്കപ്പെട്ടു എന്ന വികാരം കൊണ്ടു നടക്കുന്ന ചെന്നിത്തലയെ എങ്ങനെ സുധാകരന്‍ കൈകാര്യം ചെയ്യും എന്നതും കാണാന്‍ കൗതുകമുള്ള കാഴ്ചയായിരിക്കും.
മുന്നോട്ടുള്ള യാത്രയില്‍ കെ.സുധാകരന് പ്രതീക്ഷയേക്കുന്ന ഒരു കാര്യം പ്രതിപക്ഷ നേതാവായുള്ള വി.ഡി.സതീശന്റെ വരവാണ്. തലപ്പത്ത് വിഡി സതീശന്‍ വന്നതോടെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ഇടപെടലിലും വലിയ മാറ്റം ഇതിനോടകം വന്നു കഴിഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ച് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുന്ന പതിവ് ശൈലി നിര്‍ത്തിയ സതീശന്‍ സര്‍ക്കാരിനൊപ്പം നിന്ന് അവരെ തിരുത്തുകഎന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ മരണം റെക്കോര്‍ഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് സതീശന്റെ ഈ തന്ത്രം ഫലം ചെയ്തുവെന്നതിന് സൂചനയാണ്.
സതീശനും സുധാകരനും നേരത്തെ ചെന്നിത്തല നയിച്ച വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് അങ്ങനെയല്ല. എ -ഐ ഗ്രൂപ്പുകള്‍ക്ക് ബന്ദലായി ഉയര്‍ന്നു വരാനാവും ഇരു നേതാക്കളുടേയും ശ്രമം. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ പുനരുജ്ജീവിക്കുക എന്നതാണ് ഇരുവരുടേയും മുന്നിലെ വലിയ ദൗത്യം. പുതിയ ഊര്‍ജ്ജം വേണമെങ്കില്‍ യുവാക്കളേയും സ്ത്രീകളേയും മുന്നണിയിലേക്ക് കൂടുതലായി കൊണ്ടു വരണം.
2024-ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുക. അതിന് മുന്‍പായി നഷ്ടമായ ന്യൂനപക്ഷ വോട്ടു ബാങ്കിനെ യുഡിഎഫിനെ തിരികെ നേടേണ്ടതായിട്ടുണ്ട്. അധികാരത്തിലിരുന്ന അഞ്ച് വര്‍ഷത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വിവിധ മതസമുദായങ്ങളെ ഒപ്പം നിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യുഡിഎഫിനൊപ്പം ഉറച്ചു നിന്ന മതവിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനോട് അനുഭാവം കാണിക്കുന്നുണ്ട്. പിണറായിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് വൈഭവത്തെ നേരിടാന്‍ മറുതന്ത്രം കണ്ടെത്തുകയെന്നതു ംവെല്ലുവിളിയായി അവശേഷിക്കുന്നു.
മുന്നണി എന്ന നിലയില്‍ യുഡിഎഫിനെ ഒരുമിച്ചു നിര്‍ത്തുക എന്നതാണ് അടുത്ത കടമ്ബ. ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും മുന്നണിയില്‍ നിന്നും പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആര്‍എസ്‌പി മുന്നണി സംവിധാനത്തില്‍ പരാതിയറിയിച്ചു കഴിഞ്ഞു. അവരെ തിരിച്ചെത്തിക്കാന്‍ എല്‍ഡിഎഫിലും ആലോചനകളുണ്ട്. ഇടതുവലതു മുന്നണികള്‍ മാറി മാറി നിന്നിട്ടുള്ള പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസാണ് യുഡിഎഫിലെ മറ്റൊരു പാര്‍ട്ടി.
മലബാറില്‍ മുന്നണിയുടെ അടിത്തറ തന്നെ മുസ്ലിം ലീഗിന്റെ വോട്ടുബാങ്കാണ്. എന്നാല്‍ ലീഗ് വരച്ച വരയില്‍ കോണ്‍ഗ്രസ് നില്‍ക്കുന്നുവെന്ന കടുത്ത ആരോപണം ഇനിയും നേതാക്കള്‍ക്ക് തള്ളിക്കളയാനാവില്ല. ലീഗ് കോണ്‍ഗ്രസ് വഴങ്ങുന്നുവെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ് ഭരിക്കുമെന്നമുള്ള പ്രചരണം കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ പരസ്യമായും രഹസ്യമായും എല്‍ഡിഎഫും ബിജെപിയും ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് നയങ്ങള്‍ക്കൊപ്പം ലീഗിനെ നിലനിര്‍ത്തി കൊണ്ടു പോകുക എന്നത് പ്രധാനമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ ലീഗിനും കോണ്‍ഗ്രസിനും വ്യത്യസ്ത വികാരമുണ്ട്. ലീഗ് നയം കോണ്‍ഗ്രസിന്റേതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയെ മറികടന്ന് ലീഗിനെ ശക്തനായ പങ്കാളിയായി കൂടെ നിര്‍ത്താനാവും സതീശന്റേയും സുധാകരന്റേയും ശ്രമം. താഴെത്തട്ടില്‍ സംഘടനയെ പുനരുജ്ജീവിപ്പിച്ച് മലബാറില്‍ ലീഗിനെ പോലെ സജീവമായി തങ്ങളുടെ അണികളേയും പ്രചരണമുഖത്തിറക്കാന്‍ കോണ്‍ഗ്രസിന് സാധിക്കേണ്ടതുണ്ട്.