ജയ്പൂര്‍: ക്ഷേത്രദര്‍ശനത്തിനിടെ മകന്റ 10,000 രൂപയുടെ ഷൂ കാണാതായതായി പരാതി. രാജസ്ഥാനിലെ അല്‍വാറിലെ പോക്സോ കോടതിയിലെ ജഡ്ജിയായ ജഗന്ദ്ര അഗര്‍വാളാണ് പരാതി നല്‍കിയിരിക്കുന്നത്. ജഡ്ജിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസമാണ് ഭാര്യക്കും മകനുമൊപ്പം ജയ്പൂരിലെ ബ്രിജ് നിധി ക്ഷേത്രത്തില്‍ ജഗന്ദ്ര അഗര്‍വാള്‍ പോയത്. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്ബോള്‍ പടിക്കെട്ടില്‍ 10,000 രൂപ വിലമതിക്കുന്ന ഷൂ കഴിച്ചുവെച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുമ്ബോള്‍ അത് സ്ഥലത്തുണ്ടായിരുന്നില്ല. ആരോ മോഷ്ടിച്ചുകൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു. .
ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ജഡ്ജി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വിദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മനക് ചൗക്ക് സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് കുമാര്‍ ജാഖര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.