ബംഗളുരു: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് പേരെ കബളിപ്പിച്ച യുവാവ് 17 ലക്ഷം രൂപയുമായി മുങ്ങിയെന്ന് പരാതി.ബംഗളുരുവിലാണ് സംഭവം. സൗത്ത് ബംഗളുരുവിലെ യെലചെനഹള്ളി സ്വദേശിയായ ശ്രീരാമചന്ദ്രയാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിനെ പരാതിയുമായി സമീപിച്ചത്.സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു പരാതിക്കാരനായ ശ്രീരാമചന്ദ്ര. വേണുഗോപാല്‍ കുല്‍കർണി എന്ന് പരിചയപ്പെടുത്തിയ ഒരാളാണ് കബളിപ്പിച്ചത്. ബംഗളുരു ജെപി നഗറിലെ അരവിന്ദ് എന്നയാളുടെ ഫോട്ടോസ്റ്റാറ്റ് കടയില്‍ ശ്രീരാമചന്ദ്ര സ്ഥിരമായി പോകാറുണ്ടായിരുന്നു.
കഴിഞ്ഞ വർഷം മാർച്ചില്‍ ഈ കടയില്‍ പോയപ്പോള്‍, തന്റ ഭാര്യയ്ക്ക് റോയില്‍ ജോലി കിട്ടിയതായി അരവിന്ദ് പറഞ്ഞു. വേണുഗോപാലാണ് ജോലി വാങ്ങി തന്നതെന്നും ഇയാള്‍ അറിയിച്ചു. പിന്നീട് വേണുഗോപാലിന് റവന്യൂ വകുപ്പില്‍ നിന്ന് ഒരു സഹായം വേണമെന്ന് പറഞ്ഞ് അരവിന്ദ്, ശ്രീരാമചന്ദ്രയെ സമീപിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജെപി നഗറിലെ ഒരു ഹോട്ടലില്‍ വെച്ച് ശ്രീരാമചന്ദ്രയും വേണുഗോപാലും കണ്ടുമുട്ടി.താൻ റോയില്‍ സ്പെഷ്യല്‍ ഓഫീസറാണെന്നാണ് വേണുഗോപാല്‍ പരിചയപ്പെടുത്തിയത്. ഐഡി കാർഡ് ഉള്‍പ്പെടെ കാണിക്കുകയും ചെയ്തു. റോയില്‍ നിരവധി ജോലി ഒഴിവുകളുണ്ടെന്നും 18ന് മുകളില്‍ പ്രായമുള്ള രഹസ്യമായി ജോലി ചെയ്യാൻ സാധ്യതയുള്ള ആർക്കും നിയമനം കിട്ടുമെന്നും ഇയാള്‍ പറഞ്ഞു.
ഇതോടെ തന്റെ രണ്ട് മക്കള്‍ക്കും മൂന്ന് ബന്ധുക്കള്‍ക്കും ജോലി വേണമെന്ന് ശ്രീരാമചന്ദ്ര ആവശ്യപ്പെട്ടു. ഒരാള്‍ക്ക് 15 ലക്ഷം രൂപയാണ് ആദ്യം ചോദിച്ചതെങ്കിലും പിന്നീട് അഞ്ച് പേർക്കും കൂടി 17 ലക്ഷത്തില്‍ ഉറപ്പിച്ചു.മേയ് മാസത്തില്‍ ഇന്റർവ്യൂ ലെറ്ററുകള്‍ അയച്ചു. റോയുടെ ലോഗോ ഉള്‍പ്പെടെ ഉള്ള ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന ലെറ്ററുകളാണ് ലഭിച്ചത്. പിന്നീട് കണ്ടുമുട്ടിയപ്പോള്‍ ഇന്റർവ്യൂ ഇല്ലാതെ തന്നെ ജോലി ശരിയാക്കാമെന്നും ഇയാള്‍ പറഞ്ഞു. തുടർന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലുമായി അഞ്ച് പേർക്കും അപ്പോയിന്റ്മെന്റ് ലെറ്ററുകള്‍ ലഭിച്ചു. റോയുടെ പേരില്‍ വേണുഗോപാല്‍ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യാനും ഹാജർ മാർക്ക് ചെയ്യാനും ഇയാള്‍ ആവശ്യപ്പെട്ടു. ജോലി തുടങ്ങിയെന്നും ഇനി ശമ്ബളം ലഭിക്കുമെന്നും പറഞ്ഞു.
എന്നാല്‍ ഒരുമാസം കഴിഞ്ഞ് ശമ്ബളം ലഭിക്കാതെ വന്നപ്പോള്‍ വേണുഗോപാലിന്റെ അഞ്ച് നമ്ബറുകളിലേക്കും വിളിച്ച് നോക്കിയെങ്കിലും എല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ അരവിന്ദിന്റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ അന്വേഷിച്ച് എത്തിയപ്പോള്‍, തന്റെ ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ കബളിപ്പിച്ചതായി അരവിന്ദും അറിയിച്ചു. അവിടെയും വ്യാജ അപ്പോയിന്റ്മെന്റ് ലെറ്ററാണ് നല്‍കിയത്. തുടർന്നാണ് പരാതി നല്‍കിയത്.