ബെംഗളൂരു: അടുത്തവർഷം ആദ്യം നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. ഭരണകക്ഷിയായ ബി ജെ പിക്കും പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും ജെ ഡി എസിനും പുറമെ എ എ പിയും ഇത്തവണ ശക്തമായ സാന്നിധ്യമായി തിരഞ്ഞെടുപ്പില്‍ പോരാടുമെന്നാണ് അവകാശപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ എ ഐ എം ഐ എം കൂടി മത്സരിക്കാനെത്തുന്നതോടെ തിരഞ്ഞെടുപ്പ് കൂടുതല്‍ ശ്രദ്ധേയമാവും. അതേസമയം തിഞ്ഞെടുപ്പ് സംബന്ധിച്ച് ബി ജെ പി നടത്തിയ ഒരു സർവ്വേയില്‍ ഏവരേയും അമ്പരിപ്പിക്കുന്ന ചില കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 55 സീറ്റുകൾ നേടുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ പ്രവചിച്ചുവെന്നാണ് അവകാശവാദം. പക്ഷെ മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി തന്നെയാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയതെന്നുള്ളതാണ് ശ്രദ്ധേയം. ബി ജെ പിയുടെ ഈ സർവ്വേയ്ക്കുമപ്പുറം 123 സീറ്റുകള്‍ പാർട്ടി നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഞായറാഴ്ച ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസിന്റെയും ബി ജെ പിയുടെയും 50 ഓളം നേതാക്കൾ ജെ ഡി എസിൽ ചേരുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. ചാമരാജ്പേട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോവിന്ദരാജു, മുൻ ഡെപ്യൂട്ടി മേയർ രാമഗൗഡ, മുൻ കോർപ്പറേറ്റർ ഗൗരമ്മ തുടങ്ങിയവരാണ് ജെ ഡി എസില്‍ ചേർന്നത്.
ആഭ്യന്തര സർവേയ്ക്ക് ശേഷം രണ്ട് മാസം കൂടുമ്പോൾ ദേശീയ പാർട്ടികൾ പല തന്ത്രങ്ങളും പയറ്റുകയാണെന്നും കുമാരസ്വാമി പറഞ്ഞു. “വാസ്തവത്തിൽ, ഒരു ജനപ്രീതി സർവേ കാണിക്കുന്നത് ജെ ഡി എസിന് വലിയ സ്വീകാര്യതുണ്ടെന്നാണ്,” അദ്ദേഹം അവകാശപ്പെട്ടു. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പഞ്ചരത്‌ന പ്രചാരണത്തിലൂടെ ജെ ഡി എസ് ശക്തിയിൽ നിന്ന് ശക്തിയിലേക്ക് മുന്നേറുകയാണെന്ന് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും അവകാശപ്പെട്ടു.
ചാമരാജ്പേട്ടിൽ ജെഡിഎസ് തീർച്ചയായും വിജയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ഗൗഡ കുടുംബത്തെ പലപ്പോഴും വെല്ലുവിളിക്കുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മുൻ മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ പ്രതിനിധീകരിക്കുന്ന ബെംഗളൂരുവിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് ചാമരാജ്പേട്ട്. 2018 ല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജെ ഡി എസ്.
2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളായിരുന്നു ജെ ഡി എസിന് ലഭിച്ചത്. 104 സീറ്റുകളുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 80 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ജെ ഡി എസുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. കുമാരസ്വാമിക്കായിരുന്നു മുഖ്യമന്ത്രി പദം. എന്നാല്‍ പിന്നീട് വിമത ശല്യം രൂക്ഷമായതോടെ സർക്കാർ താഴെ വീഴുകയും ചെയ്തു.
ജെ ഡി എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എം എല്‍ എമാർ കൂട്ടത്തോടെ ബി ജെ പിയില്‍ എത്തിയതോടെയാണ് സഖ്യ സർക്കാർ വീണത്. നിലവില്‍ 30 പേരുടെ പിന്തുണയാണ് സഭയില്‍ ജെ ഡി എസിനുള്ളത്. കോണ്‍ഗ്രസിന് 69 ഉം ബി ജെ പിക്ക് 116 പേരുടേയും പിന്തുണയുണ്ട്. നാല് സ്വതന്ത്രരില്‍ ഒരാളാണ് സർക്കാറിനൊപ്പമുള്ളത്.
ചായകുടിച്ചതിന്റെ പണം ചോദിച്ചതിന് ബേക്കറിയുടമയെ മര്‍ദിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍