അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ 27 കിലോയിലധികം സ്വർണവും വജ്രാഭരണങ്ങളും ഇനി തമിഴ്നാട് സർക്കാരിന് സ്വന്തമാകും.
മാർച്ച് 6, 7 തീയതികളിലായി ഇവരുടെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി, കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍ക്കുന്നതിനുള്ള അന്തിമ ജുഡീഷ്യല്‍ നടപടികള്‍ ഇതോടെ ആരംഭിക്കുകയും ചെയ്യും.
തിങ്കളാഴ്ച ബെംഗളൂരുവിലെ 36-ാം സിറ്റി സിവില്‍ കോടതിയുടെ നിർദേശ പ്രകാരമാണ് തമിഴ്നാട് സർക്കാരിലേക്ക് സ്വത്തുകള്‍ കൈമാറുന്നത്. ജയലളിത മരിച്ച് ഏകദേശം ഏഴ് വർഷത്തിന് ശേഷമാണ് ഈ നടപടി. ജയലളിതയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം. ആഭരണങ്ങള്‍ ലേലം ചെയ്ത ശേഷമായിരിക്കും കോടതി അവരുടെ കോടികള്‍ വില വരുന്ന സ്ഥാവര സ്വത്തുക്കള്‍ ലേലത്തില്‍ വയ്ക്കുക. പിഴ ഈടാക്കാൻ 20 കിലോയോളം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യുന്നതാണ്.
എന്നാല്‍ അമ്മയില്‍ നിന്ന് പാരമ്ബര്യമായി ജയലളിതയ്ക്ക് ലഭിച്ചതായി കരുതുന്ന 7 കിലോ ആഭരണങ്ങള്‍ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജയലളിതയുടെ അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന കാൻഫിൻ ഹോംസ് ലിമിറ്റഡ് തിങ്കളാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് ഏകദേശം 60 ലക്ഷം രൂപ കൈമാറിയതായും റിപ്പോർട്ട് ഉണ്ട്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐ ജിയും ബെംഗളൂരു കോടതിയില്‍ എത്തി സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആണ് കോടതിയുടെ നിർദ്ദേശം.
ഇതിനായി പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതിയില്‍ നിന്ന് ആഭരണങ്ങള്‍ കൈപ്പറ്റുന്നതിന് ആറ് വലിയ പെട്ടികള്‍ കയ്യില്‍ കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആഭരണങ്ങള്‍ തമിഴ്‌നാട് സർക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും നിർദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്ബീദന കേസില്‍ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറില്‍ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.
അതോടൊപ്പം എൻ ശശികല, ജെ ഇളവരശി, വി എൻ സുധാകരൻ എന്നിവർക്കും നാല് വർഷം വീതം തടവും 10 കോടി രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. അതേസമയം 2015 മെയ് 11 ന് കർണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയെങ്കിലും 2017 ഫെബ്രുവരി 14 ന് സുപ്രീം കോടതി ജഡ്ജി ഉത്തരവ് പുനഃസ്ഥാപിച്ചു. എന്നാല്‍ അപ്പോഴേക്കും ജയലളിത മരിച്ചിരുന്നതിനാല്‍ അവർക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീം കോടതി അറിയിച്ചു. എങ്കിലും കേസിലെ മറ്റ് മൂന്ന് പേർക്കും ശിക്ഷ അനുഭവിക്കേണ്ടിവന്നു.