കിങ് ഖാന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്‍ സിനിമയുടെ ടീസര്‍ എത്തി. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറാണ് റിലീസ് ചെയ്തത്.ഷാരൂഖിന്റെ കൊലകൊല്ലി മാസ് ആണ് ടീസറില്‍ കാണുന്നത്. കാഴ്ചക്കാരില്‍ രോമാഞ്ചം ഉണ്ടാക്കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ സിനിമയില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നയന്താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
സംവിധായകന്‍ അറ്റ്ലിയുടെയും നയന്താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. നയന്‍താരയ്ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. അടുത്ത വര്‍ഷം ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും.
അതേസമയം നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകര്‍. നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരുഖ് ഖാന്റെ പുതിയ ചിത്രം. ജോണ് എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ മറ്റൊരു ചിത്രം.