ബെംഗളൂരു : നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറഷന്‍ ലിമിറ്റഡ് (BMRCL).നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നാണ് ബിഎംആര്‍സിഎല്ലിന്റെ നിലപാട്.ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യക്ക് നല്‍കിയ മറുപടിയിലാണ്, നിരക്ക് നിര്‍ണയ സമിതിയുടെ (എഫ്.എഫ്.സി) ശുപാര്‍ശകള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ആ നിരക്ക് ബാധകമായിരിക്കുമെന്നും BMRCL ആവര്‍ത്തിച്ചത്.ഫെബ്രുവരിയില്‍ BMRCL നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ ഭേദഗതിയില്‍ നിരക്കുകള്‍ 110 ശതമാനം വരെ വര്‍ധിപ്പിച്ചെന്നായിരുന്നു ആക്ഷേപം.
വിമര്‍ശനം കടുത്തതോടെ നിരക്ക് ഘടനയില്‍ മാറ്റം വരുത്തി വര്‍ധനവ് 71 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. എന്നിട്ടും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് നമ്മ മെട്രോയുടേത്.നമ്മ മെട്രോ 25 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്നതിന് 90 രൂപ ഈടാക്കുമ്ബോള്‍ ഡല്‍ഹി മെട്രോ 32 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നതിന് 64 രൂപയേ ഈടാക്കുന്നുള്ളൂ.സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും ടിക്കറ്റ് വരുമാനത്തെ വളരെയേറെ ആശ്രയിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുക്കിയ നിരക്കിനെ BMRCL ന്യായീകരിക്കുന്നത്.മെട്രോ സ്റ്റേഷനുകള്‍ക്ക് പരിമിതമായ കൊമേഴ്‌സ്യല്‍ വരുമാന സാധ്യതകളേ ഉള്ളൂ. അതെല്ലാം പ്രയോജനപ്പെടുത്തി വരികയാണെന്നും പക്ഷേ അവയൊന്നും ടിക്കറ്റ് വരുമാനത്തിന് പകരമാവില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.2017ലെ നിരക്ക് പുതുക്കിയത് 2016-17 സാമ്ബത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒന്നാം ഘട്ടം പൂര്‍ണമായി പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴാണ് ഇത് നടപ്പാക്കിയതെന്നും ബിഎംആര്‍സിഎല്‍ പറഞ്ഞു.അറ്റകുറ്റപ്പണികള്‍ക്കും ഭരണപരമായ ചിലവുകള്‍ക്കും 366 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് 7.5 വര്‍ഷത്തിനിടയില്‍ സംഭവിച്ച സൂചിക അടിസ്ഥാനത്തിലുള്ള മാറ്റമാണ്. എഫ്.എഫ്.സിയുടെ ശുപാര്‍ശകള്‍ വിവിധ സ്ലാബുകളില്‍ 81.8 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നുണ്ട്.എന്നാല്‍ 600-ല്‍ അധികം കോംബിനേഷനുകള്‍ പരീക്ഷിച്ച ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധനവ് 71.4 ശതമാനമായി പരിമിതപ്പെടുത്തുകയായിരുന്നുവെന്നും BMRCL വിശദീകരിക്കുന്നു.