ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങളെ തുറന്നുകാട്ടുന്ന വീഡിയോ വൈറലായി. വെറും 750 മീറ്റർ ദൂരം സഞ്ചരിക്കാൻ 21 മിനിറ്റ് എടുത്തതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.’ജസ്റ്റ് ബെംഗളൂരു തിങ്സ്’ എന്ന കമന്റോടെയാണ് അഞ്ജലി സുരേഷ് എന്നയാള്‍ ഇൻസ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ നഗരത്തിലെ യാത്രാക്ലേശങ്ങള്‍ വീണ്ടും ചർച്ചയായി. കാറിൻ്റെ നാവിഗേഷൻ സിസ്റ്റത്തില്‍ 750 മീറ്റർ ദൂരം സഞ്ചരിക്കാൻ 21 മിനിറ്റ് എടുക്കുമെന്നാണ് കാണിക്കുന്നത്.”ഇതൊക്കെ ബെംഗളൂരുവില്‍ സാധാരണയാണ്” എന്ന അടിക്കുറിപ്പും അഞ്ജലി വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്.
ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവില്‍ താമസിക്കുന്ന മിക്കവരുടെയും ദൈനംദിന യാത്രാദുരിതത്തിന്റെ ഒരു പരിച്ഛേദമായി വീഡിയോയെ ആളുകള്‍ കണ്ടുവെന്നാണ് പോസ്റ്റിന് ലഭിക്കുന്ന വ്യൂസ് കാണിക്കുന്നത്.ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘നടന്നുപോകുന്നതാണ് നല്ലത്’ എന്നാണ് ചിലരുടെ കമന്റ്. എല്ലാ വാരാന്ത്യങ്ങളിലും ട്രാഫിക്കിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.