ബെംഗളൂരു : ഐടി നഗരമായ ബെംഗളൂരുവിൽ സൈബർ തട്ടിപ്പുകൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഐടി ജീവനക്കാരന് 34 ലക്ഷംരൂപയാണ് നഷ്ടമായത്. തൊട്ടടുത്തദിവസം പുതിയ തട്ടിപ്പ് പുറത്തായി. ധനകാര്യസ്ഥാപനത്തിൻ്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. 47 കോടിരൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ തട്ടിപ്പുകളിൽ വീഴുന്നവരിൽ യുവജനങ്ങൾ മുതൽ വയോധികർ വരെ യുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരു നിവാസികളായ പലർക്കായി കോടികളാണ് നഷ്മായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്നപേരിൽ 78-കാരനിൽ നിന്ന് 83 ലക്ഷം രൂപ ഡിജിറ്റൽ തട്ടിപ്പുകാർ കവർന്നു. രണ്ടു മാസത്തോളം കാലം ഇദ്ദേഹത്തെ തട്ടിപ്പുകാർ കബളിപ്പിച്ചു. തട്ടിപ്പിന് ഇരയായ ബെംഗളൂരു ഇലക്ട്രിസ്റ്റി സപ്ലൈ കമ്പനി (ബെസ്കോം) ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം കഴിഞ്ഞമാസമാണ് നടന്നത്.സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപയാണ് ഇയാളിൽനിന്ന് കവർന്നത്.
വീണ്ടും പണംആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയതോടെയാണ് ജീവനൊടുക്കിയത്. ഇതിന് തൊട്ടുമുൻപ് ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തി ഭീഷണിമുഴക്കിയ സംഭവവും നടന്നു. ബെംഗളൂരുവിലുള്ള രണ്ട് സ്ത്രീകളുടെ നഗ്നദൃശ്യമാണ് ഡിജിറ്റൽ അറസ്റ്റിനിടെയുള്ള ദേഹപരിശോധനയെന്ന് പറഞ്ഞു പകർത്തിയത്. ഇവരിൽനിന്ന് 60,000 രൂപയോളം തട്ടിയെടുക്കുകയും ചെയ്തു.
ബെംഗളൂരു ആസ്ഥാനമായ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു 385 കോടി രൂപയുടെ തട്ടിപ്പും കഴിഞ്ഞദിവസം നടന്നു. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ കോയിൻഡിസിഎക്സിൽ നിന്നാണ് 385 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്തത്. എക്സ്ചേഞ്ചിലെ ജീവനക്കാരന്റെ ലാപ്ടോപ് മുഖേനയായിരുന്നു വിദേശതട്ടിപ്പ് സംഘം ക്രിപ്റ്റോ കറൻസി തട്ടിയെടുത്തത്.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തുന്നത് പ്രധാനമായും രാജ്യത്തിന് ഉള്ളിൽനിന്ന് തന്നെയാണ് എന്നാണ് വിവരം. ഒരു സർക്കാർ അന്വേഷണ ഏജൻസിയും ഡിജിറ്റൽ അറസ്റ്റ് നടത്താറില്ല.
കോടതികൾപോലും നേരിട്ട് കേസെടുക്കാതെ ഓൺലൈനിൽ വാദം കേൾക്കാൻ തയ്യാറാകില്ല. വിദ്യാസമ്പന്നരായവർ പോലും ഈ തട്ടിപ്പിൽ വീഴുകയാണ്. ഇത്തരത്തിൽ തട്ടിപ്പിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ഹെൽപ് ലൈനായ 1930 എന്ന നമ്പറിൽ ബന്ധപ്പെടണം.