ബെംഗളൂരു: ഐ.ടി ഉദ്യോഗസ്ഥർ 14 മണിക്കൂർ ജോലി ചെയ്യണമെന്ന സർക്കാർ നിർദേശത്തിനെതിരെ ബെംഗളൂരുവിലെ ഐ.ടി എംപ്ലോയിസ് യൂണിയൻ.
നിർദേശം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.ടി/ ഐ.ടി.ഇ.എസ്/ ബി.പി.ഒ എന്നീ മേഖലകളില്‍ ജോലി സമയം ഉയർത്താനുള്ള നിർദേശവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രി സന്തോഷ് എസ്. ലാഡ്, തൊഴില്‍ – ഐ.ടി – ബി.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കെ.ഐ.ടി.യു രംഗത്തെത്തിയത്.
നിലവില്‍ ഓവർടൈം ഉള്‍പ്പെടെ പ്രതിദിനം 10 മണിക്കൂറാണ് ജോലിസമയം. ഇത് 14 മണിക്കൂർ വരെയാകുന്നതോടെ ദിവസത്തില്‍ മൂന്ന് ഷിഫ്റ്റ് എന്നത് രണ്ട് ഷിഫ്റ്റാവുമെന്ന് ഐ.ടി എംപ്ലോയിസ് യൂണിയൻ ചൂണ്ടിക്കാട്ടി. ഇത് മൂന്നിലൊന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതിന് കാരണമാകുമെന്നും എംപ്ലോയീസ് യൂണിയൻ പറയുന്നു. തൊഴില്‍ സമയം വർധിപ്പിക്കുമ്ബോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളും മന്ത്രി വിളിച്ച യോഗത്തില്‍ കെ.ഐ.ടി.യു ചൂണ്ടിക്കാട്ടി. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർക്കും വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും, 55 ശതമാനം പേർക്ക് ശാരീരിക ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജോലി സമയം വർധിപ്പിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും.
കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്‌ട് ഭേദഗതി ചെയ്യാനുള്ള ഏതൊരു നീക്കവും കർണാടകയിലെ ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയില്‍ പ്രവർത്തിക്കുന്ന 20 ലക്ഷം ജീവനക്കാരോടുള്ള തുറന്ന വെല്ലുവിളിയാണെന്നും കെഐടിയു പറഞ്ഞു.
ദിവസം 14 മണിക്കൂർ, ആഴ്ചയില്‍ 70 മണിക്കൂർ എന്നിങ്ങനെ ജോലി സമയം ക്രമീകരിക്കാനുള്ള നിർദേശമാണ് കർണാടക സർക്കാരിന്‍റെ മുൻപിലുള്ളതെന്നാണ് റിപ്പോർട്ട്. എന്നാല്‍ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കർണാടകയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 70 ശതമാനം വരെ കന്നഡിഗരെ തന്നെ നിയമിക്കണമെന്ന ബില്‍ വൻ വിവാദമായതിന് പിന്നാലെയാണ് ഐ.ടി മേഖലയിലെ വിവാദ നീക്കം.