ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ അനുകൂലിച്ചതിനെ വരവേറ്റ് ബെംഗളൂരു നിവാസികൾ. ഗതാഗതത്തിരക്കിൽ നട്ടം തിരിയുന്ന നഗരത്തിൽ ബൈക്ക് ടാക്സസികൾ അനുഗ്രഹമായിരുന്നു. എന്നാൽ കഴിഞ്ഞ മാസം നിരോധനം നിലവിൽ വന്നതോടെ ബൈക്ക് ടാക്സി ഉപജീവനമാക്കിയവർക്ക് ഒപ്പം യാത്രക്കാരും പ്രതിസന്ധിയിലാകുകയായിരുന്നു. ഇതിനിടെയാണ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കാൻ പാടില്ലെന്ന് ബൈക്ക് ടാക്സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെടുകയായിരുന്നു.
നയത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി മാറ്റങ്ങൾ സ്വീകരിക്കാതിരിക്കുന്നത് നല്ലതല്ല. സാങ്കേതിക വിദ്യഅടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ലാഭമുണ്ടാക്കുകയും ജനങ്ങൾക്ക് പ്രയോജനമാകുകയും ചെയ്യുന്നവെങ്കിൽ അവയ്ക്ക് അനുമതി നൽകണം. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് നയരൂപവത്കരണം നടത്തിട്ടില്ലെങ്കിലും സംരംഭങ്ങൾക്ക് അനുമതി നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ബൈക്ക് ടാക്സസികൾ അനുവദിക്കുന്നതിന് സർക്കാർ നിയമരൂപവത്കരണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഈ സർവീസുകൾ നിരോധിക്കാൻ ഉത്തരവിട്ടത്.
സംസ്ഥാനത്ത് ഉടനീളം ബൈക്ക് ടാക്സി നിരോധനം നിലവിൽ വന്നുവെങ്കിലും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബെംഗളൂരുവിനെയാണ്. കടുത്ത ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന നഗരത്തിൽ ബൈക്ക് ടാക്സികൾ വലിയൊരളവിൽ ആശ്വാസമായിരുന്നു.മെട്രോ തീവണ്ടി സർവീസുകളിൽ പതിവായി യാത്ര ചെയ്യുന്നവർ പോലും തുടർയാത്രയ്ക്ക് ബൈക്ക് ടാക്സിയെയായിരുന്നു ആശ്രയിച്ചിരുന്നത്. നിരക്ക് കുറവായതും വേഗത്തിൽ നിർദിഷ്ട്ട സ്ഥലത്ത് എത്താമെന്നതും ബൈക്ക് ടാക്സിയെ കൂടുതൽ ജനകീയമാക്കി. എന്നാൽ, നിയമരൂപവത്കരണത്തിന് കോടതി സമയം അനുവദിച്ചിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് തിരിച്ചടിയായത്.
ഏകാംഗ ബെഞ്ചിൻ്റെ ഉത്തരവിനെതിരേ യാത്രക്കാരും ബൈക്ക് ടാക്സി ഡ്രൈവർമാരും ഒല, ഊബർ തുടങ്ങിയ കമ്പനികളും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.അപ്പീൽ പരിഗണിക്കുമ്പോഴും സർക്കാരിന്റെ നിലപാട് നിർണായകമാകും. ബൈക്ക് ടാക്സിന് എതിരായ നിലപാട് സർക്കാർ മയപ്പെടുത്താതെ വന്നാൽ അനുകൂല ഉത്തരവ് എളുപ്പമാകില്ല. ഈ പശ്ചാത്തലത്തിലാണ് പ്രധാനവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി പ്രിയങ്ക് ഖാർഗെയുടെ നിലപാട് പ്രതീക്ഷ ഉയർത്തുന്നത്. ബൈക്ക് ടാക്സികൾ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമായതോടെ ഓട്ടോ റിക്ഷകൾ അമിത നിരക്ക് ഉയർത്തിയിരുന്നു. ഇതിനെതിരേ വ്യാപക പരാതിയും ഉയർന്നു. ഇത് തടയാൻ പരിശോധനകൾ ആരംഭിച്ചുവെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. അതിനാൽ സർക്കാർ നിലപാട് മാറ്റാൻ സാധ്യതയുണ്ട്. പ്രതീക്ഷയോടെ ബെംഗളൂരു നിവാസികൾ.