ബെംഗളൂരു:പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മെട്രോ ട്രെയിനുകള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ എത്തിയത്.കേവലം യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, നഗരചിത്രത്തെ അടിമുടി മാറ്റാന്‍ മെട്രോയ്ക്കു കഴിഞ്ഞു. യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടാതെ വേഗം ലക്ഷ്യസ്ഥാനത്തെത്താം, മെട്രോ കടന്നുപോകുന്ന പാതയിലെ റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു, കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ മികച്ച യാത്ര, സുരക്ഷിതത്വം ഇങ്ങനെ മെട്രോ കൊണ്ടുവന്ന പ്രയോജനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.ഇപ്പോഴിതാ, മെട്രോ സര്‍വീസുകളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് രസകരമായ കാര്യങ്ങളാണ്. മെട്രോ ട്രെയിനുകള്‍ നഗരയാത്ര എളുപ്പമാക്കുക മാത്രമല്ല, കുടുംബങ്ങളുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്താനും സഹായിച്ചു എന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മെട്രോയുടെ വരവോടെ യാത്രക്കാരുടെ പോക്കറ്റിലെ പണം ലാഭിക്കാനും ഭവനവായ്പ വേഗത്തില്‍ തിരിച്ചടയ്ക്കാനും കഴിയുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സാധാരണയായി നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും വലിയ പ്രതിമാസ ബാധ്യത ഭവനവായ്പയുടെ ഇഎംഐ ആണ്. ഇതിനു പുറമേ കാര്‍ അല്ലെങ്കില്‍ ബൈക്ക് യാത്രകള്‍ക്കായി വലിയൊരു തുക ചെലവാകുന്നു. എന്നാല്‍ മെട്രോ വരുന്നതോടെ ജീവിതത്തില്‍ അവരറിയാതെ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഉയര്‍ന്ന ജീവിതച്ചെലവുള്ള ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലാണ് ഈ മാറ്റം പ്രകടമായും ദൃശ്യമായത്.മെട്രോ സ്റ്റേഷന് അടുത്ത് താമസിക്കുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല. ഇന്ധനം, ഇന്‍ഷുറന്‍സ്, സര്‍വീസ് ചാര്‍ജ്, പാര്‍ക്കിങ് ഫീ തുടങ്ങി വലിയൊരു തുക ലാഭിക്കാന്‍ സാധിക്കുന്നു. ഗതാഗത ചെലവ് കുറയുന്നതോടെ കുടുംബങ്ങളുടെ കയ്യില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ലഭ്യമാകുന്നു. കയ്യില്‍ പണം അധികം വരുന്നതോടെ ഭവനവായ്പയുടെ തിരിച്ചടവ് കൃത്യമാകുന്നു. കുടിശ്ശിക വരുത്താനുള്ള സാധ്യത കുറയുന്നു.മെട്രോ വികസനം ജനങ്ങളുടെ സാമ്പത്തിക ശീലങ്ങളില്‍ വരുത്തിയ മാറ്റം പഠനവിധേയമാക്കിയപ്പോള്‍ കിട്ടിയ ഫലങ്ങള്‍ ഇവയാണ്. ഹൈദരാബാദില്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് 1.7 ശതമാനവും ബെംഗളൂരുവില്‍ 2.4 ശതമാനവും ഡല്‍ഹിയില്‍ 4.4 ശതമാനവും കുറഞ്ഞു.
ഇന്ധനച്ചെലവില്‍ നിന്ന് ലാഭിക്കുന്ന പണം ഉപയോഗിച്ച് വായ്പയുടെ മുതലിലേക്ക് വലിയ തുക മുന്‍കൂട്ടി അടയ്ക്കാന്‍ പലര്‍ക്കും സാധിക്കുന്നു. ബെംഗളൂരുവില്‍ ഇത്തരത്തില്‍ മുന്‍കൂട്ടി പണമടയ്ക്കുന്നവരുടെ എണ്ണത്തില്‍ 3.5% വര്‍ധനയുണ്ടായി. വീട് മെട്രോയ്ക്ക് അടുത്താണെങ്കില്‍ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്കും ഉത്സാഹം വര്‍ധിച്ചിട്ടുണ്ട്.ബെംഗളൂരുവില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെട്രോ എത്തിയതോടെ പുതിയ ടൂവീലറുകളുടെയും കാറുകളുടെയും രജിസ്ട്രേഷനില്‍ കുറവുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് മെട്രോയിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. മെട്രോ റെയില്‍ കേവലം ഗതാഗത സൗകര്യം മാത്രമല്ല, അത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താങ്ങിനിര്‍ത്തുന്ന സാമ്പത്തിക പിന്തുണ കൂടിയാണ്. മെട്രോ സ്റ്റേഷന് അടുത്ത് വീട് വാങ്ങുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കടബാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഭവന ധനകാര്യ വിപണി അതിവേഗം വളരുന്ന പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വലിയ പ്രധാന്യം അര്‍ഹിക്കുന്നു. ഭാവിയിലെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണം മാത്രം നോക്കാതെ ഈ സാമ്പത്തിക ലാഭം കൂടി സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്.