ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയും തടവുകാർക്ക് പ്രത്യേക പരിഗണനയും ലഭിക്കുന്നതിൻ്റെ ഗുരുതരമായ തെളിവുകള്‍ പുറത്തുവന്നു.ഐ.എസ്. റിക്രൂട്ടർ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവം വിവാദമായതോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.പുറത്തുവന്ന വീഡിയോകളില്‍ ഏറ്റവും ഞെട്ടിക്കുന്ന ദൃശ്യങ്ങളിലൊന്ന് ഐ.എസ്. റിക്രൂട്ടർ എന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മന്നയുടേതാണ്. ഇയാള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും സ്ക്രോള്‍ ചെയ്യുകയും, ടെലിവിഷൻ്റെയോ റേഡിയോയുടെയോ ശബ്ദ പശ്ചാത്തലത്തില്‍ ആരോടോ സംസാരിക്കുകയും ചായ ആസ്വദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) റിപ്പോർട്ട് പ്രകാരം, സുഹൈബ് മന്ന കൂട്ടാളികളോടൊപ്പം ഫണ്ട് സമാഹരിക്കുകയും ‘ഖുറാൻ സർക്കിള്‍ ഗ്രൂപ്പ്’ വഴി മുസ്‌ലിം യുവാക്കളെ മൗലികവാദത്തിലേക്ക് നയിച്ച് ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുകയും സിറിയയിലേക്ക് ഐ.എസില്‍ ചേരാൻ തുർക്കി വഴി അനധികൃതമായി അയക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. സിറിയയിലെ അതിക്രമങ്ങള്‍ കാണിച്ചുള്ള വീഡിയോകളിലൂടെ യുവാക്കളെ ഇയാള്‍ സ്വാധീനിച്ചു എന്ന് എൻ.ഐ.എ. ആരോപിച്ചിരുന്നു.മറ്റൊരു വീഡിയോയില്‍, 18-ഓളം ബലാത്സംഗം, കൊലപാതക കേസുകളില്‍ പ്രതിയായ സീരിയല്‍ കില്ലർ ഉമേഷ് റെഡ്ഡി ജയിലിനുള്ളില്‍ രണ്ട് ആൻഡ്രോയിഡ് ഫോണുകളും ഒരു കീപാഡ് മൊബൈലും ഉപയോഗിക്കുന്നതായി കാണാം. ജയില്‍ ജീവനക്കാർക്ക് ഇത് അറിയാമായിരുന്നെന്നാണ് ആരോപണം. ഇയാളുടെ ബാരക്കില്‍ ഒരു ടെലിവിഷൻ സെറ്റും സ്ഥാപിച്ചിട്ടുണ്ട്. 2022-ല്‍ സുപ്രീം കോടതി ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ 30 വർഷത്തെ തടവായി കുറച്ചിരുന്നു. കൂടാതെ, മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ്റെ മകളായ രാണ്യ റാവു ഉള്‍പ്പെട്ട സ്വർണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ തരുണ്‍ രാജു ജയിലിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണക്കടത്ത് ശൃംഖലയുടെ സൂത്രധാരനാണ് തരുണ്‍ രാജു.സംഭവം വലിയ വിവാദമായതോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ വകുപ്പും ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡയറക്ടർ ജനറല്‍ ഓഫ് പ്രിസണ്‍സിൻ്റെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി. (പ്രിസണ്‍സ്) പി.വി. ആനന്ദ് റെഡ്ഡി പരപ്പന അഗ്രഹാര ജയില്‍ സന്ദർശിച്ച് നേരിട്ടുള്ള പരിശോധന നടത്തി.2023-ലെയും 2025-ലെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണ്‍ എങ്ങനെ അതിസുരക്ഷാ ജയിലില്‍ എത്തി, ആരാണ് ഇത് നല്‍കിയത്, വീഡിയോകള്‍ എപ്പോള്‍ ചിത്രീകരിച്ചു, ആരാണ് മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കിയത് എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ സെൻട്രല്‍ പ്രിസണ്‍ ചീഫ് സൂപ്രണ്ടിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഡിപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ ഓഫ് പ്രിസണ്‍സ് (സൗത്ത് സോണ്‍) ഒരു വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.