Home Featured മഴ കളിച്ചു; IPL ഫൈനൽ ഇന്ന് നടത്തും

മഴ കളിച്ചു; IPL ഫൈനൽ ഇന്ന് നടത്തും

by admin

കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച (28/05/2023) ന് നടക്കേണ്ടിയിരുന്ന ഐപിഎൽ ഫൈനൽ പോരാട്ടം റിസർവ്വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഗുജറാത്ത് ടൈറ്റൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള കലാശപ്പോരാട്ടം തിങ്കളാഴ്ചയിലേക്ക് മാറ്റിയെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. അതേ സമയം തിങ്കളാഴ്ച വൈകിട്ട് 7.30 നാകും മത്സരം തുടങ്ങുക. തിങ്കളാഴ്ചയും മഴ വില്ലനായാൽ വിജയികളെ എങ്ങനെ തീരുമാനിക്കുമെന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

മഴ വില്ലനായില്ലെങ്കിൽ 20 ഓവർ മത്സരം തന്നെയാകും തിങ്കളാഴ്ച നടക്കുക. എന്നാൽ സമയത്ത് മത്സരം തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ഓവറുകൾ വെട്ടിക്കുറക്കാൻ ഐപിഎൽ അധികൃതർ നിർബന്ധിതരാകും. 7.30 ന് തുടങ്ങേണ്ട മത്സരം 9.40 ന് പോലും ആരംഭിക്കാനായില്ലെങ്കിലാവും ഓവറുകൾ കുറഞ്ഞ് തുടങ്ങുക. അഞ്ച് ഓവർ മത്സരം നടക്കാനുള്ള കട്ട് ഓഫ് ടൈം 12.05 ആയിരിക്കുമെന്നാണ് സൂചനകൾ. എന്നാൽ മത്സരം വീ‌ണ്ടും താമസിക്കുകയാണെങ്കിൽ സൂപ്പർ ഓവറിലാകും (ഒരു ഓവർ മത്സരം) ഐപിഎൽ വിജയികളെ തീരുമാനിക്കുക.

20 ഓവർ മത്സരത്തിന് തന്നെയാവും ഐപിഎൽ അധികൃതർ തിങ്കളാഴ്ച ശ്രമിക്കുക. എന്നാൽ കാലാവസ്ഥ പ്രതികൂലമാവുകയും കളിയിൽ ഒരു പന്ത് പോലും എറിയാനാവാതെ വരുകയും ചെയ്താൽ മത്സരം ഉപേക്ഷിക്കും. ഗുജറാത്ത് ടൈറ്റൻസിനെ വിജയികളായി പ്രഖാപിക്കുകയും ചെയ്യും. ലീഗ് ഘട്ടത്തിൽ മുകളിൽ ഫിനിഷ് ചെയ്ത ടീമായതു കൊണ്ടാണ് മത്സരം ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ ഗുജറാത്ത് വിജയികളാവുന്നത്. അതിനാൽ ഇന്ന് ഏത് വിധേനയും മത്സരം നടക്കണമേയെന്ന പ്രാർത്ഥനയിലാണ് ചെന്നൈ ആരാധകർ.

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യ‌മാരായ ഗുജറാത്ത് ടൈറ്റൻസ് ഇക്കുറിയും ഉജ്ജ്വല പ്രകടനങ്ങൾ കാഴ്ച വെച്ചാണ് ഫൈനലിലെത്തിയത്. ലീഗ് ഘട്ടത്തിൽ 14 കളികളിൽ 10 എണ്ണവും ജയിച്ച അവർ 20 പോയിന്റോടെ ഒന്നാമത് ഫിനിഷ് ചെയ്യുകയായിരു‌ന്നു. ആധിമാരികമായി പ്ലേ ഓഫിലെത്തിയ ടീം ഒന്നാം ക്വാളിഫയറിൽ പക്ഷേ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ കീഴടങ്ങി. എന്നാൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ ആധികാരികമായി തന്നെ തോൽപ്പിച്ചു കൊണ്ട് ഫൈനലിൽ എത്താൻ അവർക്ക് കഴിഞ്ഞു‌.

നാല് തവണ ഐപിഎല്ലിൽ കിരീടം ചൂടിയിട്ടുള്ള ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇക്കുറി ഫിനിഷ് ചെയ്തത്. ലീഗ് ഘട്ടത്തിൽ കളിച്ച 14 മത്സരങ്ങളിൽ 8 വിജയം നേടിയ ടീം 17 പോയിന്റാണ് സ്വന്തമാക്കിയത്. അഞ്ച് കളികളിൽ അവർ പരാജയപ്പെട്ടപ്പോൾ, ഒരു കളി മഴ മൂലം ഉപേക്ഷിച്ചു. ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്ത് പ്ലേ ഓഫിലെത്തിയ ധോണിയും സംഘവും ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ വീഴ്ത്തിക്കൊണ്ട് ഫൈനലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group