ന്യൂ ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്ഫോടനക്കേസില്‍ അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. ചാവേര്‍ ആക്രമണത്തിന് സാധ്യത കുറവ് എന്നാണ് രഹസ്യാന്വേഷണ ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലെന്നാണ് നിഗമനം.സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും. വൈകിട്ട് 5.30നാണ് യോഗം.ഫരീദാബാദില്‍ ഭീകര സംഘത്തെ പിടികൂടിയത്തോടെ പരിഭ്രാന്തിയില്‍ ഉമർ കാറില്‍ സ്ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം. അതേസമയം ഇത് പ്രാഥമിക വിലയിരുത്തലുകള്‍ ആണെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഏജൻസികള്‍ അറിയിച്ചു.
ഫരീദാബാദില്‍ സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയവരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. സെപ്തംബറില്‍ ഈ വാഹനം ഫരീദാബാദിലും മറ്റിടങ്ങളിലും സഞ്ചരിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഫരീദാബാദിലെ സംഘവുമായി ഡല്‍ഹി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. കുറ്റക്കാരെ വേട്ടയാടി പിടികൂടണമെന്നാണ് അമിത് ഷായുടെ നിർദേശം. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്ഫോടനത്തിലെ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പങ്കും എൻഐഎ പരിശോധിച്ചുവരികയാണ്. ഫോറൻസിക് ഡിഎൻഎ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ സംഭവത്തിന്റെ ചുരുളഴിക്കാം എന്ന പ്രതീക്ഷയിലാണ് എൻഐഎ.തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാല്‍ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു.വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലില്‍ നിർത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേർക്കാണ് ജീവൻ നഷ്ടമായത്. 25 പേർക്കാണ് പരിക്കേറ്റത്.