മൈസൂരു : മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യ കുപ്പികളും കണ്ടെത്തിയതിനെത്തുടർന്ന് ചാമുണ്ഡി കുന്നുകളിലേക്കും ചാമുണ്ഡിക്ഷേത്രത്തിലേക്കുമുള്ള വാഹനങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി. കുന്നുകളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന പരാതിയും നേരത്തെ ശക്തമാണ്.മൈസൂരു സിറ്റി പോലീസിൻ്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്. യുവ ബ്രിഗേഡ് വൊളന്റിയർമാർ നടത്തിയ ശുചീകരണത്തിനിടെയാണ് കുന്നുകളിൽ ഒഴിഞ്ഞ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തിയത്. കുന്ന് മദ്യപാനത്തിനും ഗുണ്ടായിസത്തിന്റെയും കേന്ദ്രമായി മാറുകയാണെന്ന പരാതിയുണ്ടെന്ന് പോലീസ് അറിയിച്ചു.
കൃഷ്ണരാജ സിഐ ഡി.പി. ധനരാജ്, എസ്ഐ പൂജ, ചാമുണ്ടി കമാൻഡോ യൂണിറ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ താവരേക്കട്ടെ, ചാമുണ്ഡിഹിൽ റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശനിയാഴ്ച മുതൽ പരിശോധന തുടങ്ങിയത്.കയറ്റത്തിലേക്ക് പോകുന്ന വാഹനങ്ങൾ വിശദമായി പരിശോധിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന മുന്നറിയിപ്പു നൽകി. പോലീസ് പ്രാദേശിക കടകളിൽ റെയ്‌ഡ് നടത്തുകയും നിരോധിത പ്രദേശങ്ങളിൽ പുകവലിച്ചതിന് നിരവധി പേർക്ക് പിഴ ചുമത്തുകയും ചെയ്‌തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് സിഐ ഡി.പി. ധനരാജ് അറിയിച്ചു.