നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഇന്നസെന്റിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത പരക്കുകയാണ്. അതിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നടന്റെ രാഷ്ട്രീയ പൊതുപ്രവര്‍ത്തനത്തെ കുറിച്ച് ഏവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. മുന്‍ ചാലക്കുടി എംപി കൂടിയായിരുന്നു ഇദ്ദേഹം .
അദ്ദേഹത്തെ രാഷ്ട്രീയപരമായി ഉന്നം വച്ച് കൊണ്ടുള്ള വ്യാജപ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ആവേശത്തിന് ഇടതുപക്ഷക്കാരന് ആയെന്നും അത് വലിയ തെറ്റായിരുന്നു, പശ്ചത്താപമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടാണ് പ്രചാരണം നടക്കുന്നത്.
എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതിനുള്ള മറുപടി പറഞ്ഞിരിക്കുന്നത്. ഈ വ്യാജ വാര്‍ത്ത ചൂണ്ടിക്കാട്ടി ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെ; എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരില്‍ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്. എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരുപാട് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് അദ്ദേഹം. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ നേരത്തെയും അദ്ദേഹത്തിനെതിരെ ശക്തമായിരുന്നു.