Home Featured സ്ത്രീധനമായി 25 ലക്ഷവും സ്കോര്‍പിയോ എസ്.യു.വിയും നല്‍കിയില്ല; വധുവിന്റെ ശരീരത്തില്‍ എയ്ഡ്സ് വൈറസ് കുത്തിവെച്ച്‌ ഭര്‍തൃകുടുംബം

സ്ത്രീധനമായി 25 ലക്ഷവും സ്കോര്‍പിയോ എസ്.യു.വിയും നല്‍കിയില്ല; വധുവിന്റെ ശരീരത്തില്‍ എയ്ഡ്സ് വൈറസ് കുത്തിവെച്ച്‌ ഭര്‍തൃകുടുംബം

by admin

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ മകളുടെ ശരീരത്തില്‍ ബലാത്കാരമായി എയ്ഡ്സ് വൈറസ് കുത്തിവെച്ചതായി പരാതി.പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. 2023 ഫെബ്രുവരി 15നാണ് തന്റെ മകള്‍ സോണല്‍ സെയ്നിയും അഭിഷേക് എന്ന സച്ചിനുമായി വിവാഹം നടന്നതെന്ന് പിതാവ് പരാതിയില്‍ പറയുന്നു. വിവാഹത്തിന് സ്‍ത്രീധനമായി പെണ്‍കുട്ടിയുടെ കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വരന്റെ കുടുംബം തൃപ്തരായില്ല. 25 ലക്ഷം രൂപയും സ്കോർപിയോ എസ്.യു.വിയും കൂടി വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാൻ സോണലിന്റെ കുടുംബം തയാറായില്ല.

തുടർന്ന് പെണ്‍കുട്ടിയെ വരന്റെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച്‌ ഇറക്കിവിട്ടു.പിന്നീട് പഞ്ചായത്ത് അധികൃതരുടെയും മറ്റും മധ്യസ്ഥത്തില്‍ പെണ്‍കുട്ടിയെ തിരിച്ചെടുക്കാൻ വരന്റെ വീട്ടുകാർ നിർബന്ധിതരായി. വലിയ മാനസിക,ശാരീരിക പീഡനമായിരുന്നു പെണ്‍കുട്ടിയെ അവിടെ കാത്തിരുന്നതെന്നും പിതാവ് പരാതിയില്‍ പറയുന്നു. എച്ച്‌.ഐ.വി കുത്തിവെച്ച്‌ പെണ്‍കുട്ടിയെ കൊല്ലാൻ വരന്റെ കുടുംബം ഗൂഢാലോചന നടത്തിയതായും പിതാവ് ആരോപിച്ചു.

സോണലിന്റെ ആരോഗ്യം നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരുന്നു. തുടർന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയപ്പോഴാണ് എച്ച്‌.ഐ.വി ബാധിതയാണെന്ന ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. എന്നാല്‍ അഭിഷേകിന്റെ രക്തം പരിശോധിച്ചപ്പോള്‍ എച്ച്‌.ഐ.വി ബാധിതനല്ലെന്ന് കണ്ടെത്തി. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ഇപ്പോള്‍ യു.പിയിലെ പ്രാദേശിക കോടതിയുടെ പരിഗണനയിലാണ്. കോടതിയുത്തരവ് പ്രകാരം ഗ്യാങ്കോഹ് കോട് വാലി പൊലീസ് അഭിഷേകിനും അയാളുടെ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീധന പീഡനം, മർദനം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group