ബംഗളൂരു: കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവുമായ രാകേഷ് ടികായത്തിനെതിരെ മഷിപ്രയോഗം നടത്തിയത് കന്നഡയില്‍ സംസാരിക്കാത്തത് കൊണ്ടാണെന്ന് പ്രതികളുടെ മൊഴി.
ബംഗളൂരുവിലെ ഗാന്ധി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടികായത്തിനുനേരെ അക്രമണമുണ്ടായത്. ടികായത്തിന്‍റെതടക്കം ദേശീയ കര്‍ഷക നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ച് മറ്റൊരു കര്‍ഷക നേതാവ് പണം ആവശ്യപ്പെടുന്ന ഒളികാമറ ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനെത്തിയതായിരുന്നു അദ്ദേഹം. സംസാരിച്ചുകൊണ്ടിരിക്കെ അക്രമികള്‍ വേദിയിലേക്ക് കയറിവരുകയും ഒരാള്‍ ടികായത്തിന്‍റെ മുഖത്ത് മഷിയൊഴിക്കുകയുമായിരുന്നു.
കൂടാതെ പ്രതികള്‍ പ്രധാമന്ത്രിയുടെ പേര് വിളിച്ചു പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാരത രക്ഷണ വേദിക് അധ്യക്ഷന്‍ ഭാരത് ഷെട്ടി, ശിവകുമാര്‍, പ്രദീപ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആറു ദിവസത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ മുന്‍പും പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും പ്രതികളുടെ മൊഴികള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.