Home Featured അനീതി കാണിക്കുന്നെന്നാരോപിച്ച് കർണാടക സർക്കാരിന്റെ സമരം നാളെ

അനീതി കാണിക്കുന്നെന്നാരോപിച്ച് കർണാടക സർക്കാരിന്റെ സമരം നാളെ

by admin

ബെംഗളൂരു: സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നൽകാതെ അനീതി കാണിക്കുന്നെന്നാരോപിച്ച് കർണാടക സർക്കാർ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരേ നടത്തുന്നസമരം ബുധനാഴ്ച. രാവിലെ 11-ന് ജന്തർമന്തറിൽ നടത്തുന്ന സമരം സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എ. മാരും സമരത്തിൽ പങ്കെടുക്കും.

സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി. യുടെ എം.പി. മാരെയും എം.എൽ.എ. മാരെയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അവർ സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. സമരം ബി.ജെ.പി. ക്കെതിരായല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ നികുതിവിഹിതത്തിൽ നാല് വർഷത്തിനിടെ 73,593 കോടി രൂപയുടെ കുറവുവന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ വർഷം 4,30,000 കോടി രൂപയാണ് കർണാടകത്തിൽനിന്ന് പിരിച്ചെടുത്ത നികുതി.

നികുതി സംഭരണത്തിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാംസ്ഥാനം കർണാടകയാണ്. 37,252 കോടി രൂപ നികുതിവിഹിതവും 13,005 കോടി രൂപ കേന്ദ്ര പദ്ധതിവഴിയുമായി മൊത്തം 50,257 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. നൂറ് രൂപയിൽ 12 രൂപമാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി പണം കേന്ദ്രസർക്കാർ കൈവശം വെക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.നികുതി വിഹിതം ഇരട്ടിയാക്കണം. വരൾച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രം ഇതുവരെ ഒരു പൈസപോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group