ബംഗളൂരു: ഇൻഫോസിസില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്.700 പേരെ എടുത്തതില്‍ 400 പേരെയും പിരിച്ച് വിട്ടെന്നാണ് മണികണ്‍ട്രോള്‍.കോം റിപ്പോർട്ട് ചെയ്യുന്നത്.മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതില്‍ പാസ്സാകാത്തവരോട് ഉടനടി ക്യാമ്ബസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇൻഫോസിസിന്‍റെ മൈസൂരു ക്യാമ്ബസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റല്‍ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികള്‍ക്ക് നേരെയാണ് നടപടി.
ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാല്‍ പിരിച്ച് വിടുന്നതില്‍ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.പരീക്ഷ പാസ്സാകാത്തവരോട് ഇന്ന് വൈകിട്ട് 6 മണിക്കകം ക്യാമ്ബസ് വിടാൻ നിർദേശം നല്‍കിയെന്നാണ് റിപ്പോർട്ട്. അന്യായമായി പിരിച്ച് വിട്ടെന്ന് ഉദ്യോഗാർത്ഥികള്‍ ആരോപിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ നല്‍കി തോല്‍പ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നുവെന്ന് പിരിച്ച് വിടപ്പെട്ടവർ പറയുന്നു. ബൗണ്‍സർമാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടല്‍ അറിയിപ്പ് നല്‍കിയതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി ഇൻഫോസിസ് രംഗത്തെത്തി. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നല്‍കിയെന്നാണ് ഇൻഫോസിസിന്‍റെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകള്‍ പതിവെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. 2022 -ല്‍ റിക്രൂട്ട്മെന്‍റുകള്‍ നിർത്തിയ ഇൻഫോസിസ് രണ്ടര വർഷത്തിന് ശേഷമാണ് 2024-ല്‍ പുതിയ ബാച്ചിനെ റിക്രൂട്ട് ചെയ്തത്.