Home Featured പകര്‍ച്ചവ്യാധി; മാര്‍ഗനിര്‍ദേശങ്ങളുമായി മൈസൂരു സിറ്റി കോര്‍പറേഷൻ

പകര്‍ച്ചവ്യാധി; മാര്‍ഗനിര്‍ദേശങ്ങളുമായി മൈസൂരു സിറ്റി കോര്‍പറേഷൻ

by admin

ബംഗളൂരു: പകർച്ചവ്യാധികള്‍ പടരുന്ന പശ്ചാത്തലത്തില്‍ മാർഗനിർദേശങ്ങളിറക്കി മൈസൂരു സിറ്റി കോർപറേഷൻ. ഹോട്ടലുകള്‍, ബേക്കറികള്‍, തെരുവ് കച്ചവടക്കാർ, ഐസ്ക്രീം- ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവർക്കായി ഇറക്കിയ മാർഗനിർദേശങ്ങള്‍ പൊതുജനങ്ങള്‍ക്കും ബാധകമാണ്. പകർച്ചവ്യാധികള്‍ പടരുന്നത് തടയാനും ഗവണ്‍മെന്‍റ് നിർദേശങ്ങള്‍ അറിയിക്കാനുമാണ് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ജല ഉപയോഗ സ്രോതസ്സുകള്‍ ശുചിത്വത്തോടെ പരിപാലിക്കുക, ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക, റസ്റ്റാറന്‍റുകളില്‍ ചൂടുവെള്ളം മാത്രം കുടിക്കാൻ നല്‍കുക, ജ്യൂസുകള്‍, സോഡ തുടങ്ങിയ ശീതളപാനീയങ്ങള്‍ വാങ്ങുമ്ബോള്‍ ശ്രദ്ധിക്കുക, ഭക്ഷണത്തിന് മുമ്ബും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക, ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുക, ജീവനക്കാർ ഗ്ലൗസ്, ഹെഡ് കാപ്, മാസ്ക് തുടങ്ങിയവ ധരിക്കുക, തുറന്നു വെച്ച ഭക്ഷണപദാർഥങ്ങള്‍, മുറിച്ച പഴങ്ങള്‍ എന്നിവയുടെ വില്‍പന ഒഴിവാക്കുക, യാത്ര ചെയ്യുമ്ബോള്‍ വീട്ടില്‍ നിന്നുള്ള കുടിവെള്ളം കൈയില്‍ കരുതാൻ ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കോർപറേഷൻ ജനങ്ങള്‍ക്ക് മുൻകരുതലായി നല്‍കിയത്.

മാർഗനിർദേശങ്ങള്‍ പാലിക്കുന്നതിലൂടെ പകർച്ചവ്യാധികള്‍ തടയുന്നതില്‍ എല്ലാവർക്കും പങ്കാളികളാകാനാകുമെന്ന് മൈസൂരു സിറ്റി കോർപറേഷൻ അധികൃതർ പറഞ്ഞു. നേരത്തേ ബംഗളൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് വിദ്യാർഥികള്‍ക്ക് കോളറ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ആദ്യമായി സംസ്ഥാനത്തെ മുഴുവൻ മെഡിക്കല്‍ കോളജുകള്‍ക്കും ഹോസ്റ്റലുകള്‍ക്കുമായി മാർഗനിർദേശങ്ങളിറക്കിയിരുന്നു. മാർഗനിർദേശങ്ങള്‍ കർശനമായി പാലിക്കാനും അതില്‍ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നടപടികളുണ്ടാവുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ബോർഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group