ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപേ ബെംഗളൂരുവിലെ ഇന്ദിരാ കാന്റീനുകളിൽ കൂടുതൽ വിഭവങ്ങൾ എത്തും. നഗരത്തിലെ ഇന്ദിരാ കാന്റീനുകളിലെ മെനു പുതുക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി – കോർപറേഷൻ) യുടെ പദ്ധതി. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടി ലഭ്യമായാൽ നഗരവാസികളുടെ വിശപ്പടക്കാൻ ബിബിഎംപിക്ക് ഇന്ദിരാ കാൻ്റീനുകളിൽൽ കുറഞ്ഞ തുകയ്ക്ക് കൂടുതൽ വിഭവങ്ങൾ എത്തിക്കാം.
ഇക്കഴിഞ്ഞ ഡിസംബർ മാസമാണ് ബിബിഎംപി 150 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ തുടർനടപടികൾക്കായി ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ബിബിഎംപി നഗരവികസന വകുപ്പിന് കൈമാറി. ഇത് പിന്നീട് സംസ്ഥാന മന്ത്രിസഭയും പരിഗണിക്കും. തുടർന്നാകും അംഗീകാരം ലഭ്യമാകുക. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപേ സംസ്ഥാന സർക്കാർ ടെൻഡറിന് അംഗീകാരം നൽകിയേക്കുമെന്നാണ് ബിബിഎംപി അധികൃതരുടെ പ്രതീക്ഷ.
സംസ്ഥാനത്തെ സാധാരണക്കാരുടെ വിശപ്പടക്കാൻ കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കുന്നതാണ് ഇന്ദിരാ കാന്റീൻ പദ്ധതി. തമിഴ്നാട് സർക്കാരിന്റെ ‘അമ്മ ഉണവഗം’ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2017ലാണ് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിൽ ഇന്ദിര കാൻ്റീൻ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ ഇന്ദിരാ കാന്റീനുകൾ നിർജീവമായിരുന്നു. ഭരണം വീണ്ടും കോൺഗ്രസിന് ലഭിച്ചതോടെയാണ് പദ്ധതിക്ക് ഊർജം ലഭിച്ചത്.