ദില്ലി: രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ പണം പിൻവലിക്കാം. 2016-ൽ, പണരഹിത ഇടപാടുകളെ പരിവർത്തനം ചെയ്യുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിനെ ഇന്ത്യ സ്വാഗതം ചെയ്തത്. ഇന്ന്, നൂറ് ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള രാജ്യത്തെ അതിവേഗം വളരുന്ന പേയ്മെന്റ് രീതിയാണ് യുപിഐ.
യൂപിഐ എടിഎം എത്തുന്നതോടുകൂടി രാജ്യത്തെ എടിഎം സംവിധാനങ്ങളിൽ വിപ്ലവം തന്നെയുണ്ടാകും. യുപിഐ പിൻ മാത്രം ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്നതോടുകൂടി എടിഎം കൂടുതൽ ജനകീയമാകും.
യുപിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി എങ്ങനെയാണെന്നുള്ള വീഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പങ്കുവെച്ചിരുന്നു. ഫിന്‍ടെക് ഇന്‍ഫ്ളുവന്‍സര്‍ രവിസുതഞ്ജനിയാണ് വിഡിയോയിൽ പണം പിന്‍വലിക്കുന്ന രീതി പരിചയപ്പെടുത്തുന്നത്. രാജ്യത്തിനായുള്ള നൂതനമായ ഫീച്ചര്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.
എൻസിആർ കോർപ്പറേഷനുമായി സഹകരിച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എടിഎം “ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം” ആണ്. വീഡിയോയിൽ, യുപിഎ എടിഎമ്മിൽ കാർഡ്ലെസ്സ് ക്യാഷ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതും തുടർന്ന് ദൃശ്യമാകുന്ന ക്യൂ ആർ കോഡ് യുപിഎ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതും കാണാം. ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത ശേഷം യുപിഐ പിൻ നൽകി പണം പിൻവലിക്കാം. നിലവിൽ, BHIM യുപിഐ ആപ്പ് മാത്രമേ ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്നുള്ളൂ, ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപഭോക്താക്കൾക്ക് യുപിഐ എടിഎമ്മിൽ പണം പിൻവലിക്കാൻ എടിഎം കാർഡിന്റെ ആവശ്യമില്ല. എടിഎമ്മിന്റെ സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പിൻ നമ്പർ എന്റർ ചെയ്താൽ പണം പിൻവലിക്കാൻ കഴിയും. ബാങ്കുകളുടെ പിന്തുണയില്ലാതെ പ്രവർത്തിക്കുന്ന വൈറ്റ് ലേബൽ എടിഎം എന്ന സവിശേഷതയും ഇവയ്ക്കുണ്ട്. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ഹിറ്റാച്ചി പേയ്മെന്റ് സർവീസസ് ലക്ഷ്യമിടുന്നത്. പ്രമുഖ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്.