ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ അണ്‍റിസർവ്‌ഡ് ട്രെയിൻ ടിക്കറ്റുകളുടെ പരിശോധനാ നടപടിയില്‍ നിർണായക മാറ്റവുമായി ഇന്ത്യൻ റെയില്‍വേ.മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മാത്രം മതിയാകില്ലെന്നും അണ്‍റിസർവ്‌ഡ് യാത്രയ്ക്കായി ടിക്കറ്റിന്റെ പ്രിന്റ് പകർപ്പ് നിർബന്ധമാണെന്നും റെയില്‍വേ പുതിയ മാർഗനിർദേശത്തില്‍ വ്യക്തമാക്കി. സാങ്കേതിക ദുരുപയോഗം വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനായാണ് പുതിയ തീരുമാനം.കൃത്രിമ ബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റുകള്‍ വ്യാജമായി സൃഷ്ടിക്കുന്ന സംഭവങ്ങള്‍ വർധിച്ചതോടെയാണ് റെയില്‍വേ കടുത്ത നിലപാട് സ്വീകരിച്ചത്.അടുത്തിടെ പുറത്തുവന്ന ഒരു സംഭവത്തില്‍, എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് യഥാർത്ഥ ടിക്കറ്റുകളെ അനുകരിക്കുന്ന വ്യാജ മൊബൈല്‍ ടിക്കറ്റുകള്‍ തയ്യാറാക്കിയതായി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.ജയ്പൂർ റൂട്ടില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഗുരുതരമായ സുരക്ഷാ വീഴ്ച റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു സംഘം വിദ്യാർത്ഥികള്‍ മൊബൈല്‍ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതിനിടെ നടത്തിയ സാധാരണ പരിശോധനയില്‍ ടിക്കറ്റുകള്‍ യഥാർത്ഥമാണെന്ന് തോന്നിയിരുന്നു.ക്യൂആർ കോഡുകള്‍ ശരിയായി സ്കാൻ ചെയ്തതോടൊപ്പം യാത്രാ വിവരങ്ങളും നിരക്കുകളും യോജിച്ചതായിരുന്നു.
എന്നാല്‍ വിശദമായ പരിശോധനയില്‍ ഇത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ടിക്കറ്റുകളാണെന്ന് വ്യക്തമായി.ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ആവർത്തിക്കാതിരിക്കാനാണ് UTS മൊബൈല്‍ ആപ്പ്, ATVM മെഷീനുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ വഴി എടുത്ത അണ്‍റിസർവ്‌ഡ് ടിക്കറ്റുകള്‍ക്ക് പ്രിന്റ് പകർപ്പ് നിർബന്ധമാക്കാൻ റെയില്‍വേ തീരുമാനിച്ചത്.അതേസമയം, റിസർവേഷൻ ഇ-ടിക്കറ്റുകള്‍ക്കും MT-CUT ടിക്കറ്റുകള്‍ക്കും ഈ നിയമം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സംവിധാനം വഴി റെയില്‍വേയുടെ വരുമാനം സംരക്ഷിക്കാനും ടിക്കറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും കഴിയുമെന്ന് റെയില്‍വേ വിലയിരുത്തുന്നു.