ബെംഗളൂരു: ലോക ഭൂപടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ബെംഗളൂരുവിന്റെ അഭിമാനമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡൻ. 2025ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞ സസ്യോദ്യാനം എന്ന നേട്ടമാണ് ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡൻ സ്വന്തമാക്കിയിരിക്കുന്നത്.ലോകമെമ്ബാടുമുള്ള സസ്യോദ്യാനങ്ങളെ പിന്നിലാക്കിയാണ് ലാല്‍ബാഗ് ഒന്നാമതെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക വാർഷിക തിരച്ചില്‍ റിപ്പോർട്ടിലാണ് സന്തോഷ വാർത്തയുള്ളത്.2025 ജനുവരി 1നും നവംബർ 25നും ഇടയില്‍ ഗൂഗിള്‍ മാപ്പിലെ സെർച്ചിൻ്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗൂഗിളിൻ്റെ വെളിപ്പെടുത്തല്‍. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, കോടിക്കണക്കിന് ഉപയോക്താക്കള്‍ ഒരു വർഷത്തിനിടെ മാപ്പില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സസ്യോദ്യാനം ലാല്‍ബാഗാണ്.
ചരിത്രപരമായ പ്രാധാന്യവും, 1000ലധികം സസ്യ ഇനങ്ങളുള്ള ജൈവവൈവിധ്യവും, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥാനവുമാണ് ഈ ബൊട്ടാണിക്കല്‍ ഗാർഡനെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കിയത്.1760ല്‍ നിർമാണം തുടങ്ങിയ ലാല്‍ബാഗ് പൂർത്തിയാക്കുന്നത് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്താണ്. പേർഷ്യ, അഫ്ഗാനിസ്ഥാൻ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നാണ് അക്കാലത്ത് അപൂർവയിനം സസ്യങ്ങളും മരങ്ങളും ഇവിടെ കൊണ്ടുവന്നത്. 1799ന് ശേഷം മൈസൂർ മഹാരാജാവിന് കൈമാറിയതോടെ വർഷങ്ങളായി നിരവധി സംഭാവനകളിലൂടെ ലാല്‍ബാഗ് വികസിച്ചു. വെറും 45 ഏക്കർ സ്ഥലത്ത് തുടങ്ങിയ ലാല്‍ബാഗ് ഇന്ന് 240 ഏക്കറായി വികസിച്ചിരിക്കുന്ന ഒന്നാണ്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ഇവിടെ നടക്കുന്ന വാർഷിക പുഷ്പമേളകള്‍ ലോകമെമ്ബാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന പരിപാടികളാണ്.ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാർഡനാണ് സെർച്ചില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയിലെ ബൊഗോർ ബൊട്ടാണിക്കല്‍ ഗാർഡനും, സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻ നാലാം സ്ഥാനത്തുമാണ്. യുകെയിലെ ഈഡൻ പ്രൊജക്‌ട്, ബ്രൂക്ലിൻ ബൊട്ടാണിക് ഗാർഡൻ-ന്യൂയോർക്ക്, ജാർഡിൻ ബോട്ടാനിക് ഡി മോണ്‍ട്രിയല്‍-കാനഡ, ന്യൂയോർക്ക് ബൊട്ടാണിക്കല്‍ ഗാർഡൻ-ന്യൂയോർക്ക്, നോങ് നൂച്ച് ബൊട്ടാണിക്കല്‍ ഗാർഡൻ-തായ്‌ലൻഡ്, റോയല്‍ ബൊട്ടാണിക് ഗാർഡൻസ് വിക്ടോറിയ – മെല്‍ബണ്‍ ഓസ്ട്രേലിയ എന്നിവയാണ് തൊട്ടുപിന്നാലെ.