ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങള്‍. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയ അവര്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ഇന്ത്യയ്ക്ക് ഓക്‌സിജന്‍ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷന്‍ രംഗത്തെത്തി.
പാകിസ്താന്‍ ട്വിറ്ററില്‍ ഇന്ത്യാ നീഡ് ഓക്‌സിജന്‍ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി. ഇന്ത്യയെ സഹായിക്കൂ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടാണ് ട്വീറ്റുകളിധികവും. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്നം വന്നപ്പോള്‍ പാകിസ്താന്‍ ജനത കാണിച്ച കരുതല്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പാകിസ്താനിലെ മാനുഷിക സംഘടനയായായ ഈദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ ഈദി സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സന്നദ്ധ പ്രവര്‍ത്തകരും 50 ആംബുലന്‍സുകളും സഹിതം ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി അഭ്യര്‍ത്ഥിച്ചാണ് കത്തയച്ചിരിക്കുന്നത്