ബെംഗളൂരു: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ രാവിലെ മനേക് ഷാ പരേഡ് മൈതാനത്ത് നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ബെംഗളൂരുവിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 1,500-ഓളം വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിക്കും. പൊതുജനങ്ങൾക്കായി 8,000 സീറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് മൈതാനത്തും സമീപപ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതൽ 11 വരെ മനേക് ഷാ പരേഡ് മൈതാനത്തിന് സമീപത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നന്മ അസോ. സ്വാതന്ത്ര്യദിനാഘോഷം
ബെംഗളൂരു: നന്മ അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് എസ്. ബിജു പതാകഉയർത്തും. ജാലഹള്ളി എം.ഇ.എസ്. റോഡ് ബാഹുബലി നഗറിലെ നന്മ ഓഫീസിലാണ് ആഘോഷം. മധുരപലഹാര വിതരണം നടക്കും. ആഘോഷത്തോടനുബന്ധിച്ച് ജാലഹള്ളി നീഡ് ബേസ് ഇന്ത്യ അനാഥാലയത്തിലേക്ക് നിത്യോപയോഗ വസ്തുക്കളുടെ വിതരണവും നടക്കും.
മലയാളി കോൺഗ്രസ്
കർണാടക മലയാളി കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ചൊവ്വാഴ്ച വൈകീട്ട് 3.30-ന് ഇന്ദിരാനഗർ ഇ.സി.എ. യിൽ നടക്കും. ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, എന്നിവർ യോഗത്തിൽ പങ്കെടുക്കും.