ബെംഗളൂരു: കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ അധികൃതർ പൊളിച്ചുമാറ്റി.ശനിയാഴ്ചയായിരുന്നു സംഭവം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകള്‍ പൊളിച്ചുമാറ്റിയത്. പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉർദു ഗവണ്‍മെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമിയാണ് താമസക്കാർ കൈയേറിയതെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കല്‍ യജ്ഞത്തില്‍ 350 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി.വീടുകളില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍, സ്റ്റൗകള്‍, മറ്റ് കത്തുന്ന വസ്തുക്കള്‍ എന്നിവ നീക്കം ചെയ്ത ശേഷം, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ നാല് മണ്ണുമാന്തി യന്ത്രങ്ങള്‍ വിന്യസിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ഏകദേശം 150 പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചു.അനുമതിയില്ലാതെയാണ് താമസക്കാർ വീടുകള്‍ നിർമ്മിച്ചതെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൈദരാബാദില്‍ നിന്നും ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ് താമസക്കാരില്‍ ഭൂരിഭാഗവും എന്നും ദുർവിഷ് സമുദായത്തില്‍ പെട്ടവരാണെന്നും അവകാശപ്പെട്ടു. എന്നാല്‍, 25 വർഷത്തിലേറെയായി തങ്ങള്‍ ലേഔട്ടുകളില്‍ താമസിക്കുന്നുണ്ടെന്ന് താമസക്കാർ അവകാശവാദങ്ങള്‍ ഉന്നയിച്ചു.ദുകുടുംബങ്ങള്‍ക്ക് സാധുവായ ആധാർ കാർഡുകള്‍, വോട്ടർ ഐഡി കാർഡുകള്‍, മറ്റ് രേഖകള്‍ എന്നിവ ഉണ്ടായിരുന്നുവെന്നും ഭിക്ഷാടനത്തിലൂടെയും ചെറിയ ജോലികളിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരായിരുന്നുവെന്നും പറഞ്ഞു. പല കുടുംബങ്ങളും ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. പൊളിക്കുന്നതിന് മുമ്ബ് യാതൊരു മുൻകൂർ അറിയിപ്പും നല്‍കിയിരുന്നില്ല. നിരവധി സ്ത്രീകള്‍ ഗർഭിണികളാണ്, അവരുടെ അവസ്ഥയില്‍ അധികാരികള്‍ യാതൊരു ആശങ്കയും പ്രകടിപ്പിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു വിശദീകരണവും നല്‍കുകയോ ദുരിതബാധിത കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയോ ചെയ്തില്ലെന്ന് താമസക്കാർ ആരോപിച്ചു. കുടുംബങ്ങളിലെ 3,000 ത്തിലധികം ആളുകള്‍ തെരുവിലിറങ്ങി. പല മന്ത്രിമാരും അടുത്തിടെ സന്ദർശിച്ച് റോഡുകള്‍, കുടിവെള്ളം, വീടുകള്‍ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍, അവർ ഞങ്ങളെ തെരുവിലേക്ക് തള്ളിവിട്ടെന്നും താമസക്കാർ ആരോപിച്ചു.നടപടി വിവാദമായതിനെ തുടർന്ന് കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ യു നിസാർ അഹമ്മദ് പ്രദേശം സന്ദർശിച്ചു. ചേരി ഒഴിപ്പിക്കലില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. കൈയേറ്റം തടയാൻ ജിബിഎ ആദ്യം തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരകളുമായി ചെയർമാൻ സംവദിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ന്യൂനപക്ഷ കമ്മീഷൻ അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നല്‍കി.