ബെംഗളൂരു: കന്നഡയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അമിതമായി അടിച്ചേല്‍പ്പിക്കുന്നത് സംസ്ഥാനത്തെ കുട്ടികളുടെ സ്വാഭാവികമായ കഴിവിനെ ഇല്ലാതാക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ത്രിഭാഷാ നയത്തെച്ചൊല്ലിയുളള വിവാദങ്ങള്‍ക്കിടെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും ആധിപത്യം കുട്ടികളുടെ സര്‍ഗാത്മകതയെയും സ്വന്തം വേരുകളോടുളള ബന്ധത്തെയും ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. “വികസിത രാഷ്ട്രങ്ങളിലെ കുട്ടികള്‍ ചിന്തിക്കുന്നതും പഠിക്കുന്നതും സ്വപ്‌നം കാണുന്നതുമെല്ലാം അവരുടെ മാതൃഭാഷയിലാണ്. പക്ഷെ ഇവിടെ സാഹചര്യം മാറി. ഇംഗ്ലീഷും ഹിന്ദിയും കുട്ടികളുടെ കഴിവിനെ ദുര്‍ബലമാക്കുകയാണ്. സ്‌കൂളുകളില്‍ കന്നഡയോടുളള അവഗണന വിദ്യാഭ്യാസത്തിലും അവരുടെ സ്വത്വത്തിലും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പഠന മാധ്യമമായി മാതൃഭാഷ നിര്‍ബന്ധമാക്കുന്ന നിയമം വരേണ്ടതുണ്ട്”.- സിദ്ധരാമയ്യ പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയോട് രണ്ടാനമ്മ നയമാണ് കാണിക്കുന്നതെന്നും കേന്ദ്രം തുച്ഛമായ പണമാണ് സംസ്ഥാനത്തിന് നല്‍കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദിയും സംസ്‌കൃതവും പ്രചരിപ്പിക്കാനായി കോടികള്‍ ഉദാരമായി നല്‍കുന്ന സര്‍ക്കാര്‍ കന്നഡ ഉള്‍പ്പെടെയുളള മറ്റ് ഇന്ത്യന്‍ ഭാഷകളെ അവഗണിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ നിരന്തരമായി നടക്കുകയാണ്. അത് കന്നഡയോടുളള അനീതിയാണ്. കന്നഡ വിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ണാടകക്കാര്‍ ഐക്യത്തോടെ നില്‍ക്കണം. സംസ്‌കാരവും ഭാഷയും ബഹുമാനിക്കണം. കന്നഡ ഭാഷയുടെ വളര്‍ച്ചയ്ക്കായി മതിയായ ഫണ്ട് നല്‍കാതെ അത് നിഷേധിച്ച് അവര്‍ ചെയ്യുന്നത് അനീതിയാണ്. കന്നഡ വിരുദ്ധരായവരെ നാം എതിര്‍ക്കണം.”- സിദ്ധരാമയ്യ പറഞ്ഞു