ബെംഗളൂരു: അങ്കോളയിലെ ബെലെക്കേരി തുറമുഖത്ത് നിന്ന് അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റിലായ കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സതീഷിന്റെ ആരോഗ്യനില പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ ദത്ത് യാദവിന്റെ നടപടി. 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാനമായ തുകയുടെ ഒരു ആൾജാമ്യത്തിന്റെയും ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്. 2025 സെപ്റ്റംബറിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. കാർവാറിനു സമീപം ബെലക്കെരെ തുറമുഖത്തുനിന്ന് 5 ലക്ഷം മെട്രിക് ടൺ ഇരുമ്പയിരിൽ 1.30 ലക്ഷം ടൺ 6 ഷിപ്പിങ് കമ്പനികൾ മുഖേന ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കടത്തിയെന്നാണു കേസ്. ഇരുമ്പയിരു കടത്തിലൂടെ സംസ്ഥാന ഖജനാവിന് 38 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ സതീഷ് ഉൾപ്പെടെ 7 പ്രതികൾക്ക് പ്രത്യേക കോടതി 7 വർഷം തടവും 44.25 കോടി രൂപ പിഴയും വിധിച്ചിരുന്നു.