ചെന്നൈ: ( 06.12.2021) മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലതീഫിന്റെ മരണത്തില്‍ വിശദമായ മൊഴിയെടുക്കാന്‍, പിതാവിന് സിബിഐ നോടിസ് അയച്ചു.ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ ഓഫിസില്‍ ഹാജരാകാനാണ് നോടിസില്‍ പറഞ്ഞിരിക്കുന്നത്. നേരത്തേ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വിശദീകരണം തേടാനാണു പിതാവിനെ വിളിപ്പിച്ചിരിക്കുന്നത്.
2019 നവംബര്‍ ഒന്‍പതിനാണ് ഫാത്വിമ ലതീഫിനെ ഐഐടിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു കാരണം അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഫാത്വിമയുടെ മരണം വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചതോടെ തമിഴ്‌നാട് സര്‍കാര്‍ അന്വേഷണം സിബിഐക്കു കൈമാറുകയായിരുന്നു.ഒമ്ബതു മാസം മുന്‍പ് സിബിഐ സംഘം കൊല്ലത്തെ വീട്ടിലെത്തി ഫാത്വിമയുടെ മാതാപിതാക്കളില്‍ നിന്നും സഹോദരിയില്‍ നിന്നും മൊഴിയെടുത്തിരുന്നു.
പിന്നീട് അന്വേഷണം മന്ദഗതിയിലായി. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയടക്കമുള്ളവരെ കാണാനിരിക്കെയാണ് സിബിഐ ഫാത്വിമയുടെ പിതാവിന് ഹാജരാകാനായി നോടിസ് അയച്ചിരിക്കുന്നത്.അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സിബിഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വൈകാതെ കേസില്‍ അന്തിമ അന്വേഷണ റിപോര്‍ട് കോടതിയില്‍ സമര്‍പിക്കുമെന്നും വിവരമുണ്ട്. എന്നാല്‍ മതപരമായ വിവേചനം മരണത്തിലേക്കു നയിച്ചോയെന്ന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.