ബാർബഡോസ്: വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമയും. ബാർബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.
ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.
വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.
ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
ബാർബഡോസ്: തുടർച്ചയായ ഫൈനലുകളിലെ തോൽവിയെന്ന ഭാരം ഇറക്കിവെച്ച് ടീം ഇന്ത്യയ്ക്ക് ടി20 ലോകകപ്പിൽ ആവേശ വിജയം. അവസാന ഓവർ വരെ നീണ്ട ത്രില്ലറിന് ഒടുവിൽ 7 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ലഭിച്ച ഇന്ത്യ 177 റൺസിന് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. തുടക്കം മുതൽ വീണ വിക്കറ്റുകൾ തിരിച്ചടിയായപ്പോൾ കോഹ്‌ലിയുടെയും അക്‌സർ പട്ടേലിന്റെയും ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ബൗളർമാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ ഫീൽഡിംഗിന് ഇറങ്ങിയപ്പോൾ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തന്നെയാണ് ബൗളർമാർ കാഴ്ചവെച്ചത്. ജ്‌സപ്രീത് ബുംറയുടെ ഓവറുകളും സൂര്യ കുമാറിന്റെ മികച്ച ക്യാച്ചുമാണ് ഇന്ത്യയെ അവസാന ഓവറുകളിൽ രക്ഷിച്ചത്.ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസിന് വിജയം സ്വന്തമായി. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാൻ ധൈര്യം നൽകിയത്.