ബംഗളൂരു: കര്‍ണാടകയില്‍ പരസ്യമായി സമൂഹമാധ്യമങ്ങളില്‍ പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡി രൂപ ഐപിഎസ്സിനെയും രോഹിണി സിന്ദൂരി ഐഎഎസ്സിനെയും സ്ഥലം മാറ്റി.
ഇരുവര്‍ക്കും വേറെ പദവികളൊന്നും നല്‍കിയിട്ടില്ല. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഡി രൂപയുടെ ഭര്‍ത്താവ് മുനിഷ് മൗദ്‍ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയില്‍ നിന്ന് ഡിപിഎആര്‍ വിഭാഗത്തിലേക്കാണ് മാറ്റിയത്. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി.
മൈസൂരു കെ ആര്‍ നഗര്‍ എംഎല്‍എ സാ. ര. മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് ഡി. രൂപയ്ക്ക് എതിരെ നടപടിയെടുത്തത്. കരകൗശല ബോര്‍ഡ് എംഡിയാണ് ഡി രൂപ ഐപിഎസ്. ഇരുവര്‍ക്കും നിലവില്‍ ഒരു സ്ഥാനവും നല്‍കിയിട്ടില്ല.
നേരത്തേ സാ. ര. മഹേഷിന്റെ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ കയ്യേറ്റഭൂമിയിലാണെന്ന് കാട്ടി രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ മൈസുരു കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു. സാ. ര. മഹേഷ് ഇവര്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും നല്‍കി. ഇപ്പോള്‍ ഇതേ എംഎല്‍എയുമായി രോഹിണി കൂടിക്കാഴ്ച നടത്തിയത് ഒത്തുതീര്‍പ്പിനാണെന്ന് ആരോപിച്ചാണ് ഡി രൂപ രംഗത്തെത്തിയത്. കൊവിഡ് കാലത്ത് ചാമരാജനഗറിലെ ആശുപത്രിയില്‍ ഓക്സിജന്‍ ഇല്ലാതെ കുട്ടികളടക്കം മരിക്കാന്‍ കാരണമായത് രോഹിണിയുടെ അലംഭാവമാണെന്നടക്കം 20 ആരോപണങ്ങളുമായിട്ടായിരുന്നു രൂപയുടെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാമത്തെ പോസ്റ്റിലാണ് രോഹിണിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടത്.
മേലുദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളെന്നായിരുന്നു ആരോപണം. രൂപയ്ക്ക് ഭ്രാന്താണെന്നും, തന്റെ വാട്‍സാപ്പ് സ്റ്റാറ്റസിലെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചതിന് നിയമനടപടിയെടുക്കുമെന്നും രോഹിണി പ്രതികരിച്ചു. പോര് അതിരുവിട്ടതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.