ബെംഗളൂരു: ക്ഷേത്രത്തില്‍ പ്രാർഥിക്കുന്നതിനൊപ്പം അഭീഷ്ടകാര്യം സാധിക്കാൻ ആരാധനാമൂർത്തിക്ക് കത്തെഴുതുകയാണ് കർണാടകത്തിലെ ചിക്കബല്ലാപുരയിലെ ചില വിശ്വാസികള്‍.ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം അവളുടെ രക്ഷിതാക്കളെക്കൊണ്ട് സമ്മതിപ്പിക്കാൻ ദേവനോട് പ്രാർഥിച്ചുകൊണ്ടുള്ള കത്ത് ക്ഷേത്ര ഭണ്ഡാരത്തില്‍നിന്ന് ലഭിച്ചു.ചിക്കബല്ലാപുരയിലെ നന്ദി ഗ്രാമത്തിലുള്ള ഭോഗനന്ദീശ്വര ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍നിന്നാണ് കത്ത് ലഭിച്ചത്. ക്ഷേത്രം അധികൃതർ ഭണ്ഡാരം തുറന്ന് പണം എണ്ണുമ്ബോഴാണ് കത്ത് ശ്രദ്ധയില്‍പ്പെട്ടത്.
പ്രണയിനിയെ വിവാഹംകഴിക്കാനാഗ്രഹിക്കുന്ന ഏതോ യുവാവ് എഴുതി ഭണ്ഡാരത്തിലിട്ട കത്താണിതെന്ന് കരുതുന്നു. ”അവളുടെ മാതാപിതാക്കളെക്കൊണ്ട് ഞങ്ങളെ അംഗീകരിപ്പിക്കണേ. ദേവാ, ഞാൻ അവളെ നല്ലതുപോലെ നോക്കിക്കൊള്ളാം. അവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ സഹായിക്കണേ” -കന്നഡയില്‍ എഴുതിയ കത്തില്‍ പറയുന്നു.കത്ത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഭർത്താവിന് മികച്ച ജോലികിട്ടിയതിന് ദേവനോട് നന്ദിപറഞ്ഞുകൊണ്ടുള്ള മറ്റൊരു കത്തും ഭണ്ഡാരത്തില്‍നിന്ന് ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു.