ബെംഗളൂരു: ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നവവധുവിന്റെ ഭർത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ഗനവിയുടെ ഭർത്താവ് സൂരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. സൂരജിന്റെ അമ്മ ജയന്തിയേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗനവിയുടെ മരണത്തിന് പിന്നാലെ ഇരുവരും നാടുവിട്ടിരുന്നു. നാഗ്പൂരിലേക്കാണ് ഇരുവരും കടന്നത്. ഇതിന് പിന്നാലെയാണ് ഭർത്താവിനെ മരിച്ച നിലയിലും അമ്മയെ ഗുരുതരാവസ്ഥയിലും കണ്ടത്.ഇന്നലെയാണ് ഗനവി മരിച്ചത്. ശ്രീലങ്കയില്‍ ഹണിമൂണ്‍ കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സ്ത്രീധന പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സൂരജിനും അമ്മ ജയന്തിക്കും സഹോദരനുമെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. വനിതാ കമ്മീഷനും ആശങ്ക അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം വർധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് കർണാടക സർക്കാരിന് വനിതാ കമ്മീഷൻ കത്തയച്ചു.
ബെംഗളൂരു ചന്നസാന്ദ്രയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് നവവധുവിന്റെ ആത്മഹത്യ. രാമമൂർത്തി നഗർ സ്വദേശിനി ഗനവി ആണ് തൂങ്ങി മരിച്ചത്. ശ്രീലങ്കയിലെ മധുവിധു ആഘോഷം പാതിവഴിയില്‍ നിർത്തി മടങ്ങി എത്തിയതിന് പിന്നാലെയാണ് രാമമൂർത്തി നഗറിലെ വീട്ടില്‍ ഗനവി തൂങ്ങിമരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവില്‍ നിന്നും ഭർത്യ വീട്ടുകാരില്‍ നിന്നും ഉണ്ടായ ക്രൂരമായ പീഡനമാണ് മകളും ആത്മഹത്യയ്ക്ക് കാരണമെന്ന് പിതാവ് ശശി ആരോപിച്ചു.ഗനവിയെ ആർഭാടപൂർവം വിവാഹം കഴിപ്പിച്ച് അയച്ചിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സൂരജും സൂരജിന്റെ അമ്മ ജയന്തിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ശശിയുടെ ആരോപണം. സംഭവത്തില്‍ രാമൂർത്തി നഗർ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒന്നര മാസം മുമ്ബായിരുന്നു ഗനവിയുടേയും സൂരജിന്റെയും വിവാഹം. എന്നാല്‍, ഭർതൃ വീട്ടുകാരുടെ നിർദേശപ്രകാരം വിവാഹ റിസപ്ഷൻ നടത്തിയത് ഒരു മാസം കഴിഞ്ഞാണ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ 40 ലക്ഷം രൂപ ചെലവ് ചെയ്തായിരുന്നു പാർട്ടി. ഇതിനു പിന്നാലെ ശ്രീലങ്കയിലേക്ക് 10 ദിവസത്തെ മധുവിധു ആഘോഷത്തിന് ഇരുവരും തിരിച്ചെങ്കിലും 5 ദിവസം കഴിഞ്ഞപ്പോള്‍ മടങ്ങി എത്തുകയായിരുന്നു. പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ശശി ആരോപിച്ചു.