വാറങ്കലില്‍ ജിമ്മിലെ ട്രെയിനറുമായുള്ള പ്രണയബന്ധത്തെ എതിർത്ത ഭർത്താവിനെ, ഭാര്യയും കാമുകനും പോലീസ് കോണ്‍സ്റ്റബിളും ചേർന്ന് കൊലപ്പെടുത്തി.ഡോക്ടറായ സുമന്ത് റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുമന്തിന്‍റെ ഭാര്യ ഫ്ലോറ മരിയ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ ഓഫീസറായ ഡോ. സുമന്ത് റെഡ്ഡിയും സർക്കാർ ലക്ചററായ ഭാര്യ ഫ്ലോറ മരിയയും വാറങ്കലിലെ ഹണ്ടർ റോഡിലാണ് താമസിച്ചിരുന്നത്. 2016ലാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തത്. സുമന്തിന്റെ സഹോദരന്മാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നോക്കുന്നതിനായി 2018 ല്‍ ദമ്ബതികള്‍ സംഗറെഡ്ഡിയിലേക്ക് മാറി. അവിടെ, സുമന്ത് സംഗറെഡ്ഡി പിഎച്ച്‌സിയില്‍ കരാർ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തു.
ഫ്ലോറ അവിടെ തന്നെ ഒരു സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെ ശരീരഭാരം കുറയ്ക്കുന്നതിനായി അവർ സംഗറെഡ്ഡിയിലെ സിദ്ദു ജിം സെന്ററില്‍ പോകാറുണ്ടായിരുന്നു. അവിടെ വെച്ച് ഫ്ലോറ ജിം ട്രെയിനറായ എറോള സാമുവലുമായി പ്രണയത്തിലായി. ഭാര്യയുടെ ഈ ബന്ധം തിരിച്ചറിഞ്ഞ സുമന്ത് അവരെ ഈ ബന്ധത്തില്‍ പിന്തിരിപ്പിച്ച് വിവാഹബഹന്ധം മുന്നോട്ടു കൊണ്ടുപോകാമെന്ന പ്രതീക്ഷയില്‍ ഫ്ലോറയേയും കൂട്ടി വാറങ്കലിലേക്ക് താമസം മാറി. എന്നിട്ടും ഇരുവരും ബന്ധം തുടർന്നു.
പിന്നാലെ ഫ്ലോറയും കാമുകനും പൊലീസ് കോണ്‍സ്റ്റബിളായ സുഹൃത്തും ചേർന്ന് സുമന്തിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഫ്ലോറയും സാമുവലും സാമുവലിന്റെ സുഹൃത്തായ എആർ ഹെഡ് കോണ്‍സ്റ്റബിള്‍ രാജ് കുമാറിന്റെ സഹായം തേടി. അവർ രാജ് കുമാറിന് സംഗറെഡ്ഡിയില്‍ ഒരു വീട് വാഗ്ദാനം ചെയ്യുകയും കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതിന് 50,000 രൂപ നല്‍കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 20 ന് രാത്രി, സാമുവലും രാജ് കുമാറും ബട്ടുപള്ളിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പാലത്തിന് സമീപത്തെത്തിച്ച് സുമന്തിനെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ സുമന്ത് ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും മാർച്ച് 1ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ സാമുവല്‍, ഫ്ലോറ മരിയ, രാജ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.