ബെംഗളുരു: ഫോണ്‍കോള്‍ ലൗഡ്‌സ്‌പീക്കറിലിടുന്നതിനെ ചൊല്ലിയുണ്ടായ വിവാദം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍. ഏപ്രില്‍ 24നാണ് സംഭവം.കര്‍ണാടകയിലെ ബസവേശ്വര നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മഹാഗണപതി നഗറിലാണ് സംഭവം.പ്രതി ലോകേഷ് കുമാര്‍ ഗെഹ്‌ലോട്ട് എന്ന രാജസ്ഥാന്‍കാരന്‍ നമിത സാഹു(43)വിനെ അഞ്ച് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
ലോകേഷ് കുബ്ബന്‍പേട്ടില്‍ സ്വന്തമായി ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു മകളുമുണ്ട്. അടുത്തിടെയായി ദമ്പതിമാര്‍ തമ്മില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളെ ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു.ഏപ്രില്‍ 24ന് വീട്ടിലെത്തിയ ലോകേഷ് നമിതയുടെ സഹോദരനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ തനിക്ക് കൂടി കേള്‍ക്കാന്‍ ഫോണ്‍ ലൗഡ് സ്‌പീക്കറിലിടാന്‍ അവര്‍ ആവശ്യപ്പെട്ടു. ലോകേഷ് ഇതനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വീട്ടുടമയുടെ പരാതിയില്‍ ബസവേശ്വര നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ലോകേഷിനെ പിന്നീട് അറസ്റ്റ് ചെയ്‌തു.പണം ആവശ്യപ്പെട്ട് ലോകേഷ് നിരന്തരം നമിതയെ അപമാനിച്ചിരുന്നതായി അവളുടെ വീട്ടുകാര്‍ പറയുന്നു. നമിത വിവാഹത്തിന് മുമ്പ് ജോലിക്ക് പോയി സമ്പാദിച്ച പണമാണ് അയാള്‍ ആവശ്യപ്പെട്ടിരുന്നത്. ലോകേഷിന് സ്റ്റുഡിയോ വിപുലീകരിക്കണമെന്നും ബെംഗളുരുവില്‍ സ്ഥലം വാങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു.
പ്രതി സ്റ്റുഡിയോ ഉടമയാണെന്നും കൊല്ലപ്പെട്ടത് വീട്ടമ്മയാണെന്നും വെസ്റ്റ് ഡിവിഷന്‍ ഡിസിപി ഗിരിഷ് പറഞ്ഞു. പതിനഞ്ച് ദിവസമായി ഇരുവരും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പെട്ടെന്ന് ദേഷ്യം വന്നപ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നെന്നും ഇത് മരണത്തിലേക്ക് നയിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പൊലീസ് വ്യക്തമാക്കി.